Skip to main content

കൂടാളിയില്‍ ഊര്‍ജ സര്‍വ്വേക്ക് തുടക്കമായി

ഫിലമെന്റ് രഹിത പഞ്ചായത്ത് പദ്ധതിയുടെയും നെറ്റ് സീറോ പഞ്ചായത്താക്കുന്നതിന്റെയും ഭാഗമായുള്ള ഊര്‍ജ സര്‍വ്വേക്ക് കൂടാളിയില്‍ തുടക്കമായി. കൂടാളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മയ്യില്‍ ഐടിഎം കോളേജിലെ എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായാണ് ഊര്‍ജ സര്‍വ്വേയുടെ പൈലറ്റ് സര്‍വ്വേ ആരംഭിച്ചത്. കൂടാളി, ബങ്കണപറമ്പ്, താറ്റ്യോട്, പൂവ്വത്തൂര്‍ വാര്‍ഡുകളിലെ അഞ്ഞൂറോളം വീടുകളിലായാണ് രണ്ട് ദിവസം കൊണ്ട് വിവരശേഖരണം നടക്കുക. 15 ബാച്ചുകളായാണ് സര്‍വ്വേ നടക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളിലും സര്‍വ്വേ നടക്കും.
വിവര ശേഖരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കൂടാളി സര്‍വ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ഇ സജീവന്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ പി കെ ബൈജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ കെ പി ജലജ, പി ജിതിന്‍, മയ്യില്‍ ഐടിഎം കോളേജ് എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ കെ പ്രീതി, ഇഎംസി റിസോഴ്സ് പേഴ്സണ്‍ കെ വി തമ്പാന്‍, സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പംഗങ്ങള്‍ക്കുള്ള ഊര്‍ജ്ജ ക്ലാസ് പി  പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി കെ ബൈജു, കെ വി തമ്പാന്‍ എന്നിവര്‍ ക്ലാസെടുത്തു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കെ പ്രീതി സംസാരിച്ചു.
 

date