Skip to main content

സ്‌കൂള്‍ കലോത്സവം സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയരുത് : ജില്ലാ കലക്ടര്‍

സ്‌കൂള്‍ കലോത്സവത്തിലെ തിരക്ക് നിയന്ത്രണവും ഭക്ഷ്യസുരക്ഷയും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. പ്രധാനവേദിയായ ആശ്രാമം മൈതാനിയില്‍ അടിയന്തര സേവന കേന്ദ്രം ഉണ്ടായിരിക്കണം. പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം തുടങ്ങി അടിയന്തര സേവന വകുപ്പുകളുടെ പ്രതിനിധികള്‍ നിര്‍ബന്ധമായും ഇവിടെ ഉണ്ടായിരിക്കണം. ആംബുലന്‍സ്, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കണം.

നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ ഭക്ഷ്യസുരക്ഷ-നഗരസഭാ ഉദ്യോഗസ്ഥരുടെ സംയുക്ത സ്‌ക്വാഡ് പരിശോധിച്ച് ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണം. മോട്ടോര്‍ വാഹന ഓട്ടോറിക്ഷകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. നഗരത്തില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഉറപ്പാക്കാന്‍ കെ എസ് ആര്‍ ടി സി ശ്രദ്ധിക്കണം. കൊല്ലം ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പ് വരുത്തണം. പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രക്ഷാദൗത്യ ചുമതല നല്‍കണം. ആശ്രാമം ക്ഷേത്രക്കുളത്തിന് ചുറ്റും വേലികെട്ടി സുരക്ഷയൊരുക്കണം. വനിതാ ശിശുസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ് സെന്ററും പ്രധാന വേദിക്കരികില്‍ സജ്ജീകരിക്കണം.

മാലിന്യ നിര്‍മാര്‍ജനത്തിന് നഗരസഭ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് വേണ്ടത്. ആശ്രാം മൈതാനിയിലെ തെരുവ് നായ്ക്കളെ ഷെല്‍റ്റല്‍ ഹോമുകളിലേക്ക് മാറ്റണം. താമസ സ്ഥലത്തും വേദികളിലുമായി തടസ്സരഹിതമായ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. വിതരണം ചെയ്യുന്ന വെള്ളം പരിശോധിക്കാന്‍ മൊബൈല്‍ ലാബ് ക്രമീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date