Skip to main content

കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു

പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന് കൈമാറി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ജി ബിന്‍ നല്‍കുന്നതോടൊപ്പം ഓഫീസുകളിലെ ജീവനക്കാരുടെയും, മറ്റുളളവരുടെയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനായാണ് കിച്ചണ്‍ ഡൈജസ്റ്റര്‍ പോട്ട് വിതരണം ചെയ്യുന്നത്. നഗരസഭ പ്രദേശത്തെ പൂര്‍ണ്ണമായി വലിച്ചെറിയല്‍ മുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 2024 ജനുവരി 26-ന്  നഗരസഭയെ വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് കിച്ചണ്‍ ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നത്. പോട്ടിന്റെ  ഉപയോഗം സംബന്ധിച്ച് ഏജന്‍സി വിശദീകരിച്ചു. കിച്ചണ്‍ ഡൈജസ്റ്റര്‍ പോട്ടില്‍ നിന്നും ലഭിക്കുന്ന ജൈവവളം ചെടികള്‍ക്ക് വളമായും ഉപയോഗിക്കാവുന്നതാണ്. ഡൈജസ്റ്റര്‍ പോട്ട് സ്ഥാപിച്ചതിന് ശേഷം സ്ഥാപനങ്ങള്‍ ശരിയാംവിധം ഉപയോഗിക്കുന്നുണ്ടോയെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സംഘവും നഗരസഭാ വിജിലന്‍സ് സ്‌ക്വാഡും പരിശോധന നടത്തുമെന്ന് നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ സജിമാധവന്‍ അറിയിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പാത്തുമ്മ ടീച്ചര്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ ഷിബു കെ ജോണ്‍, സ്ഥാപനമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date