Skip to main content

’പറവകൾ ഇനി ഉയരം’ സപ്തദിന ക്യാമ്പ് ഇന്ന് മുതല്‍

മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുങ്കയം ആദിവാസി  ഊരിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ് ‘പറവകൾ ഇനി ഉയരത്തിന്’ ഇന്ന് (മെയ് 25)  തുടക്കമാവും. ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ട്രൈബൽ, ഫോറസ്റ്റ്,പൊലീസ് എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബശ്രീ  തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ശാരീരികവും മാനസികവുമായ അതിക്രമം എന്നിവ കുറക്കുക, കുട്ടികൾ നിയമവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ എത്തുന്നത് കുറക്കുക, കുട്ടികൾ സ്ഥിരമായി സ്കൂളിൽ പോവാത്ത പ്രശ്നം തുടങ്ങിയവ പരിഹരിക്കുന്നതിനായി ഒരു വർഷത്തോളം നീളുന്ന വിവിധ പരിപാടികളാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നെടുങ്കയം ഫോറസ്റ്റ് ഡോർമെറ്ററി, നെടുങ്കയം അങ്കണവാടി എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിന്റെ ഉദ്ഘാടനം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ സുരേഷ് നിർവഹിക്കും.  നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനിക് ലാൽ മുഖ്യാതിഥിയാവും. ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ ഓഫീസർ ആതിരാ നാരായണൻ അധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, കമ്മ്യൂണിറ്റി സർവീസ് , വിവിധ വകുപ്പുകളുടെ അവബോധന പരിപാടികൾ എന്നിവ നടക്കും. ഊരിലെ മുഴുവൻ കുട്ടികളും പദ്ധതിയുടെ ഭാഗമാവും. ഏഴു ദിവസം നീളുന്ന ക്യാമ്പ് മെയ് 31 ന് സമാപിക്കും.

date