Skip to main content

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഓടകള്‍, കനാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കും

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഓടകള്‍, കനാലുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍ദേശിച്ചു. നീരൊഴുക് സുഗമമാക്കുന്നതിന് അടിയന്തര പ്രാധാന്യമുള്ളവയുടെ പട്ടിക തയ്യാറാക്കിയാണ് പ്രവൃത്തികള്‍ ചെയ്യേണ്ടത്. ജില്ലാ
ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. ഒഴുകിയെത്തുന്ന വെള്ളം കെട്ടിനില്‍ക്കില്ലെന്ന് ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. മഴയത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുന്ന നടപടി ഊര്‍ജിതമാക്കിയിട്ടുണ്ട്. കോര്‍പറേഷന്റെ പ്രവൃത്തികളില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക് മേല്‍നോട്ടം വഹിക്കും.  

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അശ്വിനി ആശുപത്രിക്ക് സമീപത്തെ വീടുകളിലുള്ളവരെ ആവശ്യമെങ്കില്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. ദുരിതബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ, മലിനജലം വീടുകളില്‍ കയറിയ അവസ്ഥയുള്ളതിനാലും കിടപ്പ് രോഗികള്‍ ഉള്‍പ്പെട്ടതിനാലും ഈ പ്രദേശത്ത് അടിയന്തരമായി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പി.ബാലചന്ദ്രന്‍ എം.എല്‍.എ.യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നഷ്ടം സംബന്ധിച്ച വിശദറിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.  

ജില്ലയിലെ ജലസംഭരണികളിലെ ജലം നിയന്ത്രിത അളവില്‍ റെഗുലേറ്റ് ചെയ്യാന്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയറോട് നിര്‍ദേശിച്ചു. ഏനാമാക്കല്‍ ബണ്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. മുനയം ബണ്ട് നീക്കുന്ന പ്രവൃത്തി തുടങ്ങി. കുറുമാലി പുഴയ്ക്ക് കുറുകെ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനും കൃഷിക്കുമായി നിര്‍മിച്ച താത്ക്കാലിക ബണ്ടില്‍ ബാക്കി ഭാഗം നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഓടകളിലും കനാലുകളിലും അടിഞ്ഞുകൂടി ചണ്ടികള്‍/ കുളവാഴ എന്നിവ അടിയന്തരമായി നീക്കും.  

മഴക്കാലം അവസാനിക്കുന്നതുവരെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24*7 അടിസ്ഥാനത്തില്‍ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. റോഡരികില്‍ സ്ഥിതിചെയ്യുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍/ മരങ്ങളുടെ ശിഖരങ്ങള്‍ ഉടനെ മുറിച്ചുനീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കെട്ടിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ഉചിതമായ ഇടങ്ങളില്‍ ക്യാമ്പുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജമാക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചു.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം ടി.മുരളി, തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി, സൂപ്രണ്ടിങ് എന്‍ജിനീയര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date