Skip to main content

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ പരിഹരിക്കും - ജില്ലാ വികസന സമിതി യോഗം

 

ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കിഴക്കുഭാഗത്തെ റോഡ് ഉടൻ ടാർ ചെയ്യുമെന്ന് ജില്ല വികസന സമിതി യോഗം. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അരൂർ തുറവൂർ ഭാഗത്തെ ഗതാഗത പ്രശ്നങ്ങൾ വിലയിരുത്തിയത്. നിലവിൽ റോഡിലുള്ള കുഴികൾ ഉടൻ അടയ്ക്കും. വാഹനഗതാഗതം ആറ് ദിവസത്തേക്ക് നിയന്ത്രിച്ച് അരൂക്കുറ്റി ഭാഗത്ത് കൂടി തിരിച്ചു വിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗത്തിൽ ജില്ല കളക്ടർ വ്യക്തമാക്കി.

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രത്യേക പദ്ധതി അടിയന്തിരമായി  അനുവദിക്കണമെന്ന്  കെ.സി വേണുഗോപാല്‍ എം.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടലാക്രണം ചെറുക്കുന്നതിന് ജലസേചന വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ എം.പി. വിലയിരുത്തി. തോട്ടാതോട് പാലം, പുതിയ പാലം നിർമാണത്തിനായി പൊളിച്ചതിനാലുള്ള യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ  പകരം സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കായംകുളം മണ്ഡലത്തിലെ മാര്‍ക്കറ്റ് പാലം, കന്നീശകടവ് പാലം, കോയിക്കല്‍പടി പാലം എന്നിവയുടെ നിര്‍മാണ നടപടികളും സ്ഥലമെടുപ്പും വേഗത്തിലാക്കാന്‍ യു. പ്രതിഭ എം.എല്‍.എ. ആവശ്യപ്പെട്ടു. കൊറ്റുകുളങ്ങര ഒ.എന്‍.കെ.വി ജംഗ്ഷന്‍ റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും എം.എല്‍.എ. നിര്‍ദേശം നല്‍കി. പള്ളിത്തോട് ചാപ്പാകടവ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ദലീമ ജോജോ എം.എല്‍.എ. ആവശ്യപ്പെട്ടു. അരൂര്‍ ഫയര്‍‌സ്റ്റേഷന്‍, കാക്കതുരുത്ത് പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി എം.എല്‍.എ. വിലയിരുത്തി. അരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര കെട്ടിടത്തിന് റവന്യൂ പുറമ്പോക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും എം.എല്‍.എ. അന്വേഷിച്ചു.  

മീനപ്പള്ളി കനകാശ്ശേരി പാടശ്ശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തോമസ് കെ. തോമസ് എം.എല്‍.എ വിലയിരുത്തി. പള്ളാത്തുരുത്തി പമ്പ് ഹൗസില്‍ അടിയന്തിരമായി കുഴല്‍കിണറുകള്‍ സ്ഥാപിച്ച് കൈനകരി രണ്ടാം വാര്‍ഡിലെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.  ഓണാട്ടുകര കാര്‍ഷിക മേഖലയ്ക്കായുള്ള ഹരിതം ഹരിപ്പാട് പദ്ധതിയില്‍ 25 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ രണ്ടാം ഘട്ട നിര്‍വ്വഹണ നടപടികള്‍ നോഡല്‍ ഓഫീസര്‍ ഉടന്‍നന്നെ തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗത്തെ ജിയോബാഗ് ഫെന്‍സിംഗ് സ്ഥാപിക്കല്‍ നടപടികള്‍ എം.എല്‍.എ. അന്വേഷിച്ചു. 

വീയപുരം തുരുത്തി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് എടുത്തുവെങ്കിലും നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. നെല്‍കൃഷിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കായംകുളം നഗരസഭയില്‍ ഉള്‍പ്പെട്ട മലയന്‍ കനാല കരകവിഞ്ഞൊഴുകുന്നതുമൂലം പ്രദേശ വാസികള്‍ ദുരിതമനുഭവിക്കുകയാണെന്നും ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപിടകള്‍ സ്വീകരിക്കണമെന്നും കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല ആവശ്യപ്പെട്ടു. നവകേരള സദസ്സുമായി ബന്ധപ്പെട്ട പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. 

യോഗത്തില്‍ സബ്കളക്ടര്‍ സമീര്‍ കിഷന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date