Skip to main content

കാര്‍ഷികം യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങി

അഗ്രിക്കള്‍ച്ചര്‍ മാനേജ്‌മെന്റ് ടെക്‌നോളജി ഏജന്‍സി(ആത്മ)യുടെ ആഭിമുഖ്യത്തില്‍ കാര്‍ഷികം എന്ന പേരില്‍ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. ചാനലിന്റെ ലോഞ്ചിങ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു.
കാര്‍ഷികഗവേഷണ ഫലങ്ങളും അറിവുകളും കൃത്യമായി കര്‍ഷകരിലേക്കെത്താത്തതുകൊണ്ടാണ് കൃഷി നഷ്ടമാണെന്ന തെറ്റിദ്ധാരണ പടരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിജ്ഞാനം കര്‍ഷകരിലേക്കെത്തിക്കാന്‍ ചാനല്‍ പരിപാടികള്‍ കൊണ്ട് സാധിക്കും.  പരിചയസമ്പന്നരായ കര്‍ഷകരുടെ അറിവും അനുഭവങ്ങളും കൃഷി ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കുന്നതിനും ഇതുവഴി സാധിക്കും.  മലപ്പുറം ആത്മയുടെ ഈ ഉദ്യമം അഭിനന്ദനാര്‍ഹമാണെന്നും ഇത് സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.  
  ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍ അധ്യക്ഷയായി. ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ.ആനന്ദ പദ്ധതി വിശദീകരണം നടത്തി. ഡപ്യൂട്ടി ഡയറക്ടര്‍ പ്രകാശ് പുത്തന്‍മഠത്തില്‍, എ.എം.സി അംഗം ഡോ. സി ഇബ്രാഹിം കുട്ടി, ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ പി. ശ്രീലേഖ, മലപ്പുറം കൃഷി അസി.ഡയറക്ടര്‍ എം.ഡി പ്രീത, ഡി.എഫ്.എ.സി അംഗം കുഞ്ഞുമുഹമ്മദ് പുലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

date