Skip to main content
നെറുക്കെടുപ്പിലൂടെ അവരവരുടെ ഭൂമി തരംതരം തിരിച്ച് സ്ഥിരീകരിച്ചു

*ഇരുളം മിച്ചഭൂമി*; *26 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി*

 

 

ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ 26 പട്ടികജാതി - പട്ടിക വർഗ കുടുംബങ്ങള്‍ കൂടി  ഇനി ഭൂമിയുടെ അവകാശികളാകുന്നു. ഇരുളം മിച്ചഭൂമിയില്‍ ഭൂമി ലഭിക്കാന്‍ ബാക്കിയുള്ള 18 പട്ടികജാതി കുടുംബങ്ങള്‍ക്കും ഇരുളം മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കല്ലോണിക്കുന്നില്‍ ബ്ലോക്ക് 12 ല്‍ ഉള്‍പ്പെട്ട ഭൂമിയില്‍  8 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുമാണ് ഇനി ഭൂമിയുടെ അവകാശം ലഭിക്കുക.  കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13 റീസര്‍വെ 60 ല്‍പ്പെട്ട ഭൂമിയാണ് 18കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കുന്നത്. ഇവര്‍ക്കായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നെറുക്കെടുപ്പ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടന്നു. ഭൂമി ലഭിച്ച മുഴുവന്‍ കുടുംബങ്ങളും നെറുക്കെടുപ്പിലൂടെ അവരവരുടെ ഭൂമി തരംതരം തിരിച്ച് സ്ഥിരീകരിച്ചു. ഇവര്‍ക്കായി ഭൂമി പതിച്ചു നല്‍കുന്നതോടെ ജില്ലയിലെ അടുത്ത പട്ടയമേളയില്‍ പട്ടയവും ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു.

ജില്ലാ കളക്ടറുടെ 2020 ലെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചാണ് ചെതലയത്തുള്ള ഭൂമി റവന്യു ഭൂമിയായി നിലനിര്‍ത്തി പട്ടിക ജാതിയില്‍പ്പെട്ട 19 പേര്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിൽ ഒരു അവകാശി മരണപ്പെട്ടു.   പതിറ്റാണ്ടുകളായുള്ള സ്വന്തം ഭൂമിയെന്ന ഇവരുടെ സ്വപ്നമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. ഇരുളം മിച്ച ഭൂമിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കല്ലൂര്‍ കേശവന് ഒന്നാമത്തെ സ്ലോട്ട് ലഭിച്ചു. ഭൂമി ലഭിച്ചവരുടെ പ്രതിനിധിയായി കേശവന്‍ ജില്ലാ ഭരണകൂടത്തിന് നന്ദിയറിയിച്ചു.  എല്‍.ആര്‍.ഡെപ്യൂട്ടികളക്ടര്‍ സി.മുഹമ്മദ് റഫീഖ്, ബത്തേരി എല്‍.ആര്‍ തഹസില്‍ദാര്‍ പി.ജെ.ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ.ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date