Skip to main content

ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി ഏറ്റെടുക്കൽ: സാമൂഹ്യ പ്രത്യാഘാത പഠനം ആരംഭിച്ചു

 

ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്ന് പി.രാജീവ്

 

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ എറണാകുളത്തെ വീട് 'സദ്ഗമയ' സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.  ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള സാമൂഹ്യപ്രത്യാഘാത (സോഷ്യല്‍ ഇംപാക്ട്) പഠനത്തിന് തുടക്കമായി. രാജഗിരി കോളജ് ഓഫ് സയന്‍സിലെ രാജഗിരി ഔട്ട്‌റീച്ചിൻ്റെ നേതൃത്വത്തലാണ് നടപടികൾ ആരംഭിച്ചത്. 

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പബ്ലിക് ഹിയറിംഗ് നടത്തും. അതിന്‌ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർ നടപടികൾ സ്വീകരിക്കുമെന്ന് നിയമ മന്ത്രി പി.രാജീവ് അറിയിച്ചു. 

സാമൂഹ്യപ്രത്യാഘാത പഠനത്തിന്റെ ഭാഗമായി അഡി.ലോ സെക്രട്ടറി എന്‍.ജീവന്‍, കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു  സെബാസ്റ്റ്യൻ, രാജഗിരി ഔട്ട്‌റീച്ച് പ്രോജക്ട് ഡയറക്ടര്‍ മീന കുരുവിള, എസ്.ഐ.എ കോ ഓഡിനേറ്ററും വികസന ഓഫീസറുമായ സി.പി ബിജു, സോഷ്യല്‍ വര്‍ക്കര്‍ ഡി.ബിനിഷ തുടങ്ങിയവരാണ് സദ്ഗമയ സന്ദര്‍ശിച്ചത്.

കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കൊച്ചിയിൽ താമസിച്ചിരുന്ന വസതിയായ 'സദ്ഗമയ' സർക്കാർ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ഒരു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. 

സദ്ഗമയവിൽക്കാൻ പോകുന്നുവെന്ന വാർത്തകളെത്തുടർന്ന് നിയമമന്ത്രി പി. രാജീവ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വസതി സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതെത്തുടർന്ന്  മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിക്കുകയും   അദ്ദേഹം സർക്കാർ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. കൃഷ്ണയ്യർക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പി.രാജീവ് പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം പോലെ മഹത്വമുള്ള ഒരു സ്മാരകമായി സദ്‌ഗമയയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

date