Skip to main content

ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ

ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി.കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ അതിനൂതന ശസ്ത്രക്രിയ വിജയം. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പാലാ സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റർവെൻഷണൽ പ്രൊസീജ്യർ നടത്തിയത്. സാധാരണ സങ്കീർണ ഹൃദയശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബിൽ അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഹൃദയത്തിൽ ജന്മനായുള്ള പ്രശ്നമായതിനാൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. താക്കോൽദ്വാര ശസ്ത്രക്രിയയായതിനാൽ രക്തസ്രാവം ഒഴിവാക്കാനായി. അതിനാൽ രക്തം നൽകേണ്ടി വന്നതുമില്ല. ശസ്ത്രക്രിയ പോലെ അധികം വിശ്രമവും ആവശ്യമില്ല. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.

പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അനിൽ എസ്.ആർ.അസി. പ്രൊഫസർ ഡോ. ഹരിപ്രിയ ജയകുമാർഅനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം.കാത്ത് ലാബ് ടെക്നീഷ്യൻ അനുസന്ധ്യജയിൻഅനസ്തീഷ്യ ടെക്നീഷ്യൻ അരുൺസീനിയർ നഴ്സ് സൂസൻ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

പി.എൻ.എക്സ്. 2855/2024

date