Skip to main content
അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില്‍ കാണിച്ച് ജെന്‍ എഐ പ്രദര്‍ശനം

അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില്‍ കാണിച്ച് ജെന്‍ എഐ പ്രദര്‍ശനം

 

സമീപഭാവിയില്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതം എങ്ങിനെ നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമാകും എന്ന നേര്‍ക്കാഴ്ച നല്‍കുന്നതാണ് കൊച്ചിയില്‍ നടക്കുന്ന കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനം. ചരക്ക് നീക്കം മുതല്‍ റിക്രൂട്ട്മന്‍റ് വരെ, കായികമേഖല മുതല്‍ അതിഥിത്തൊഴിലാളികള്‍ വരെ ഇങ്ങനെ സമസ്തമേഖലകളെയും തൊട്ടു കൊണ്ടാണ് മാറ്റത്തിന്‍റെ സാങ്കേതികവിദ്യയുടെ വരവ്.

സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ജെന്‍ എഐ കോണ്‍ക്ലേവിന്‍റെ പ്രദര്‍ശനം തുടങ്ങുന്ന സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുള്ളത് ഒരു ടേബിള്‍ ടെന്നീസാണ്. ഐബിഎമ്മിന്‍റെ വാട്സണ്‍എക്സ് പ്ലാറ്റ് ഫോമില്‍ ഒരുക്കിയിട്ടുള്ള ഈ ടെന്നീസ് ടേബിളില്‍ എല്ലാം നിര്‍മ്മിത ബുദ്ധിയാണ്. രണ്ട് അല്ലെങ്കില്‍ നാല് കളിക്കാരുടെയും സ്പീഡ്, ബോള്‍ പതിക്കുന്ന സ്ഥലം, പോയിന്‍റ്, ആംഗിളുകള്‍, കൃത്യത തുടങ്ങി നൂറുകണക്കിന് വിവരങ്ങളാണ് ഈ എഐ ടേബിളിലൂടെ ലഭിക്കുന്നത്. കായികമേഖലയിലെ വിവരവിശകലനത്തിന് ഇന്നേറ്റവുമധികം ഉപയോഗിക്കുന്ന എഐ ഉപകരണങ്ങളാണ് ഇവിടെ കാണുന്നത്.

പ്രദര്‍ശനത്തിലെ താരം 15 വയസുള്ള ഉദയ് ശങ്കര്‍ എന്ന കുട്ടിയാണ്. ചെറുപ്രായത്തില്‍ തന്നെ ജെന്‍ എഐ ആപ്പ് നിര്‍മ്മിച്ച് പേറ്റന്‍റ് എടുത്ത ഉദയ് 15 ഓളം ആപ്പുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ലിങ്ക്ഡ്ഇനില്‍ നിന്ന് സ്വന്തം ആവശ്യത്തിനുള്ള വിദഗ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനാവശ്യമായ പ്രൊഫൈലുകള്‍ തെരഞ്ഞെടുക്കുക, ലഭിച്ച അപേക്ഷകളില്‍ നിന്നും പറ്റിയ ജോലിക്കാരെ കണ്ടെത്തുക, ചാറ്റ് ബോട്ടുകള്‍ വഴി അഭിമുഖങ്ങള്‍ നടത്തുക തുടങ്ങിയ സാങ്കേതികവിദ്യകളാണ് റിക്രൂട്ടിംഗ് മേഖലയിലുള്ളത്. തുറമുഖങ്ങളില്‍ ചരക്ക് നീക്കത്തിന്‍റെ സമഗ്രവിവരങ്ങള്‍, ചരക്ക് ലോറികളുടെ ട്രാക്കിംഗ്, അനുബന്ധരേഖകളുടെ ഡിജിറ്റല്‍ രൂപങ്ങള്‍, ഡ്രൈവറുടെ ഫേസ്ഐഡി തുടങ്ങിയ സംവിധാനങ്ങളും ജെന്‍ എഐ പ്രദാനം ചെയ്യുന്നു. ഇ-പേയ്മന്‍റ്, ബസ് ട്രാക്കിംഗ്, തുടര്‍ യാത്രകള്‍, തിരക്ക് വിശകലനം, തുടങ്ങിയവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ മൊബിലിറ്റി ആസ് എ സര്‍വീസ്(മാസ്) എക്സപ്ളോറും ഇതേ മേഖലയില്‍ നിന്നുള്ളതാണ്.

മണിക്കൂറുകള്‍ നീണ്ടു നിന്ന പല നടപടിക്രമങ്ങളും ഞൊടിയിടയില്‍ സാധ്യമാക്കുന്നതാണ് ജെന്‍ എഐ സാങ്കേതികവിദ്യയുടെ പ്രാധാന്യമെന്ന് ഡോക്കര്‍ വിഷന്‍ സ്ഥാപകരായ പ്രിജിത്ത്, ആതിര എന്നിവര്‍ പറഞ്ഞു. സ്വന്തം സ്ഥലത്ത് വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിനുള്ള സമഗ്രപ്ലാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കുന്ന ബില്‍ഡ് നെക്സ്റ്റ് കണ്‍സ്ട്രക്ഷന്‍സ് സൊല്യൂഷന്‍സ് ഇതിനകം തന്നെ 100 ലേറെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തു കഴിഞ്ഞു.

ഐവിസ് സൊല്യൂഷന്‍സ്, അമ്രാസ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, അത്താച്ചി, ബില്യണ്‍ലൈവ്സ് ബിസിനസ് ഇനിഷ്യേറ്റീവ്സ്, ബില്‍ഡ്നെക്സ്റ്റ് കണ്‍സ്ട്രക്ഷന്‍സ് സൊല്യൂഷന്‍സ്, കോഡിയോഫ്ഡ്യൂട്ടി ഇനോവേഷന്‍സ്, ഡോക്കര്‍ വിഷന്‍, ഗൗഡ് ബിസിനസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ്, ഹയര്‍ഫ്ളെക്സ് ഗ്ലോബല്‍, ഐബിഎം, അയോനോട്ട് ടെക്നോളജീസ്, ലാര്‍സ്.എഐ, മന്ദാര. എഐ, പാരാഡിം. എഐ, പിക്കി അസിസ്റ്റ്, ടോഡോ സെയില്‍സ് ആപ്പ്, സ്കൈസ്മൈല്‍ ടെക്നോളജീസ്, തേര്‍ഡ് ഡേ അക്കാദമി, ടൂട്ടിഫ്രൂട്ടി ഇന്‍റെറാക്ടീവ്, ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ്, എക്സ്പ്ലോര്‍ റൈഡ്സ്, സെഡിലാബ് സോഫ്റ്റ് വെയര്‍ സിസ്റ്റംസ്, പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ എന്നീ കമ്പനികളാണ് പ്രദര്‍ശനത്തിലുള്ളത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദഗ്ധരുള്‍പ്പെടെ 4500 ലധികം പ്രതിനിധികള്‍ പങ്കെടുത്ത ദ്വിദിന ജെന്‍ എഐ കോണ്‍ക്ലേവ് വെള്ളിയാഴ്ച സമാപിക്കും.

date