Skip to main content

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത- ഡി.എം.ഒ 

 

കോട്ടയം: ഇടവിട്ട് മഴപെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകാൻ 
തികച്ചും അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും കൊതുക് സാന്ദ്രത കൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നനത്. ചെറുപാത്രങ്ങളിലും സൺ ഷെയ്ഡിലും ഉൾപ്പെടെ ഒരിടത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അഭ്യർത്ഥിച്ചു.  ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിർമ്മാർജ്ജനത്തിൽ  കുട്ടികൾ ഉൾപ്പെടെ എല്ലാവരും പങ്കാളികളാകണം.  
ജൂലൈ മാസത്തിൻ മുൻ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.  കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികൾ, പുതുപ്പള്ളി,  എരുമേലി, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം,  കാട്ടാമ്പാക് തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പനിബാധിതർ കൂടുതൽ.  

ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണർപ്പുകൾ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ആദ്യതവണത്തെ ഡെങ്കിപ്പനി പലരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ മുൻപ് ഡെങ്കിപ്പനി ബാധിച്ചവർക്ക് പിന്നീട് രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.  രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞ് രക്തസ്രാവവും തുടർന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.
പകർച്ചവ്യാധികൾ നേരിടാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.  മരുന്നുകൾ, മറ്റു ആവശ്യവസ്തുക്കൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ  ഓഫീസർ അറിയിച്ചു.

 

date