Skip to main content

ജില്ലയില്‍ ദേവഹരിതം പദ്ധതിയ്ക്ക് തുടക്കമായി; ഒന്നര ഏക്കര്‍ ക്ഷേത്രഭൂമിയില്‍ പച്ചക്കറികൃഷി

 

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആരാധനാലയങ്ങളില്‍ തരിശ് കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുന്ന പദ്ധതിയാണ് ദേവഹരിതം.  ജില്ലയില്‍ ആദ്യമായി ഹരിതകേരളം മിഷന്റെ കരുമാലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതി ആരംഭിച്ചു.

കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പെട്ടി ഭഗവതി ക്ഷേത്ര പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്        ശ്രീലത ലാലു പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എസ്.രഞ്ജിനി പച്ചക്കറിത്തൈകള്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും കര്‍ഷക കൂട്ടായ്മയ്ക്കും കൈമാറി. ക്ഷേത്രത്തില്‍ ഓണാഘോഷപരിപാടിക്ക് ആവശ്യമായുള്ള പച്ചക്കറികള്‍ ക്ഷേത്രപരിസരത്തു തന്നെ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ഹരിത കേരളം മിഷന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ഒന്നര ഏക്കറില്‍ വെണ്ടയ്ക്ക, മത്തന്‍, പീച്ചില്‍, തക്കാളി, കുറ്റിപ്പയര്‍ എന്നിവയാണ് ക്ഷേത്ര അങ്കണത്തില്‍ തയ്യാറാക്കുന്നത്. പരിപാലനവും തുടര്‍ന്നുള്ള സംരക്ഷണവും കൈപ്പെട്ടി  ഭഗവതി ക്ഷേത്ര സമിതിയുടെ  നേതൃത്വത്തില്‍ നടക്കും. ക്ഷേത്ര സമിതി സെക്രട്ടറി കെ.ബി സജീവ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീദേവി സുധി, ജിജി അനില്‍ കുമാര്‍, സബിത നാസര്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ആയ  ടി.എസ് ദീപു, ജെഫിന്‍ ജോയ്, കര്‍ഷകരായ സി.കെബാബു, ടി.ആര്‍ ആരുഷ് എന്നിവരും പങ്കെടുത്തു.

date