Skip to main content

ദേശീയ നേത്രദാന പക്ഷാചരണം: ബോധവത്കരണവും ക്യാമ്പും സംഘടിപ്പിച്ചു

 
ആലപ്പുഴ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടിയും നേത്രദാന ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു നിര്‍വഹിച്ചു. സെന്റ് റീത്താസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍  അധ്യക്ഷനായി. ഡെപ്യട്ടി ഡി.എം.ഒ യും ജില്ലാ അന്ധത നിയന്ത്രണ പരിപാടി നോഡല്‍ ഓഫീസറുമായ ഡോ. അനു വര്‍ഗീസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി. പണിക്കര്‍, ജില്ല ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. വി.എസ.് സുനിത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല ഒഫ്താല്‍മിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന നേത്ര പരിശോധന ക്യാമ്പില്‍ 225 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള തുടര്‍ ചികിത്സയും മറ്റു സേവനങ്ങളും ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ ലഭിക്കും. 

നേത്രദാനം മഹാദാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തകഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയചന്ദ്രന്‍ കലാങ്കേരി നിര്‍വഹിച്ചു. നേത്രദാനം ചെയ്ത പായിക്കാട് വീട്ടില്‍ വസന്തകുമാരി, കുളത്തില്‍ പുത്തന്‍പറമ്പ് സുരേന്ദ്രന്‍, ശാന്ത ഭവനത്തില്‍ കെ. രവീന്ദ്രന്‍, കാറ്റുങ്കല്‍ നെടിയമ്പോല സി.കെ. ബാലകൃഷ്ണന്‍, പുതുപ്പറമ്പ് പത്മകുമാരി, ലീനാ ഭവനില്‍ വിജയന്‍ എന്നിവരുടെ കുടുംബാംഗങ്ങളെ തകഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അംബിക ഷിബു ആദരിച്ചു. നേത്രദാനം ചെയ്യാന്‍ സന്നദ്ധരായ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളില്‍ നിന്ന്  സമ്മതപത്രം സ്വീകരിച്ചു. കാഴ്ച ബോധവത്ക്കരണ പോസ്റ്റര്‍ പ്രകാശനം തകഴി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ജയചന്ദ്രന്‍ കലാങ്കേരി നിര്‍വ്വഹിച്ചു.

date