Skip to main content

മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ: ജനകീയ മാതൃകകൾ നാടിന് സമർപ്പിക്കാൻ എറണാകുളം ജില്ല ഒരുങ്ങി

മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ  പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും.  യോഗത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  മനോജ്  മുത്തേടൻ മുഖ്യ പ്രഭാഷണം നടത്തും,  ജില്ലാ കളക്ടർ എൻ എസ്  കെ ഉമേഷ്  വരുന്ന ആറു മസകാലത്തെ ജില്ലാ തല കർമ്മ പദ്ധതി പ്രകാശനം ചെയ്യും.

ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ്ബ് മെമ്മോറിയൽ ഗവ കോളേജ്‌ മണിമലക്കുന്നിനെ പ്രഖ്യാപിക്കൽ,എറണാകുളം  കെ എസ് ആർ ടി സി സ്റ്റാൻഡ് ശുചികരണം,ഹരിത വിദ്യാലയം, ഹരിത അങ്കണവാടി, ഹരിത ഓഫീസ് പ്രഖ്യാപനം, ഹരിത വീഥികളുടെ നിർമ്മാണം, മുൻസിപാലിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വ പാത സുന്ദര പാതകൾ ഒരുക്കൽ,കെ എസ് ആർ ടി സി സ്റ്റാൻഡ് പരിസരം ശുചീകരിച്ചു പച്ചത്തുരുത്തുകൾ നിർമ്മിക്കുക തുടങ്ങി ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത്  വാർഡ് തലങ്ങളിൽ വരെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച പജനകീയ മാതൃകകൾ നാടിന് സമർപ്പിച്ച് ക്യാമ്പയിൻ ഉദ്ഘാടനങ്ങൾ നടക്കും.
ജില്ല, ബ്ലോക്ക്‌, കോർപറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത് തലങ്ങളിൽ   നിർവഹണസമിതികൾ രൂപീകരിച്ചാണ് ജനകീയ ക്യാമ്പയിൻ ആസൂത്രണം ചെയ്യുന്നത്. 180ദിവസത്തെ ജനകീയ ക്യാമ്പയിനിലൂടെ  മാലിന്യത്തിന്റെ പരമാവധി അളവ് കുറക്കുക, ഉണ്ടാകുന്ന ജൈവ മാലിന്യ ഉറവിടത്തിൽ തന്നെ വളമോ, ബയോ ഗ്യാസോ ആക്കി മാറ്റുക, അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു തരം തിരിച്ചു കൈമാറുക, പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളൂടെ കർശനമായ നിരോധനം, ശക്തമായ നിയമ നടപടികൾ എന്നിവ  ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രിയ -വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമാകും.
 തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ടൗണുകൾ, ജംഗ്ഷനുകൾ എന്നിവ ശുചിത്വമുള്ളതും വൃത്തിയുള്ളതുമാക്കി തീർക്കുക അയൽക്കൂട്ടങ്ങളെ ഹരിതയൽക്കൂട്ടങ്ങളാക്കി മാറ്റുക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹരിത ക്യാമ്പസും ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുക ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. മലിനീകരിക്കപ്പെട്ട നീർച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമാക്കും. ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കും. നവംബർ ഒന്നിന് ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിക്കുവാനാണ് ലക്ഷ്യം വയക്കുന്നത്.

date