Skip to main content

*ആരോഗ്യ വകുപ്പ് വയോജന ദിനാചരണം സംഘടിപ്പിച്ചു*

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന ദിനാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. വാര്‍ദ്ധക്യം അന്തസ്സോടെ ലോകമെമ്പാടും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രയോജന ദിന സന്ദേശം. പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം മലപ്പുറം എന്നിവയുടെ സഹകരണത്തോടെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വയോജന ദിനാചരണവും മെഡിക്കല്‍ ക്യാമ്പും ചുങ്കത്തറ പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന ടീച്ചര്‍ അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്കായി സ്‌പെഷാലിറ്റി ക്യാമ്പുകള്‍ നടന്നു. കാഴ്ച പരിശോധന, കേള്‍വി പരിശോധന, ദന്ത പരിശോധന, പ്രഷര്‍, ഷുഗര്‍ തുടങ്ങിയവയുടെ പരിശോധന എന്നിവയും നടന്നു. വയോജനങ്ങള്‍ക്ക് ശരിയായ ഭക്ഷണക്രമം വിശദീകരിക്കാന്‍ ഡയറ്റീഷ്യന്റെ സേവനം ഉറപ്പാക്കി. ക്യാമ്പില്‍ 220 പേര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഡി എം ഒ ഡോ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി എന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ഷുബിന്‍, ജാമോ ഡോ. ഫിറോസ് ഖാന്‍, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, സൂസമ്മ മത്തായി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബഹാവുദ്ദീന്‍, പി  ആര്‍ ഒ ഷോണ്‍ മറ്റു ജനപ്രതിനിധികള്‍ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ പി, ഐ ഇ സി കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

date