തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു യുവജനകമ്മിഷൻ ശാസ്ത്രീയ പഠനം നടത്തും: ചെയർമാൻ എം. ഷാജർ
കോട്ടയം: തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു യുവജനകമ്മിഷൻ ശാസ്ത്രീയ പഠനം നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. കളക്‌ട്രേറ്റ്് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം ജില്ലാതല യുവജനകമ്മിഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി, ടെക്‌സ്‌റ്റൈൽ തുടങ്ങി യുവാക്കൾ ജോലി ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പഠനം. 2025 മാർച്ച്-ഏപ്രിൽ മാസത്തോടെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. യുവാക്കളുടെയിടയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ സംബന്ധിച്ചയായിരുന്നു കഴിഞ്ഞവർഷം യുവജനകമ്മിഷന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്. 14 ജില്ലകളിൽ ഇരുന്നൂറോളം എം.എസ്.ഡബ്ല്യൂ. വിദ്യാർഥികൾ മുഖേന നടപ്പാക്കിയ പഠനത്തിന്റെ റിപ്പോർട്ട് സർക്കാരിനു കൈമാറിയിട്ടുണ്ട്.
മാനസികസമ്മർദങ്ങളിൽപ്പെട്ട് ആത്മഹത്യയിലേക്കു പോകുന്ന യുവാക്കൾക്ക് ഒരു ഫോൺകോൾ അകലത്തിൽ യുവജനകമ്മിഷന്റെ സേവനം ലഭ്യമാണ്. കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു യുവാക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോസ്റ്ററുകൾ പതിക്കുന്നത് തുടരുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു കമ്മിഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന കമ്പനികളെക്കുറിച്ച് പരാതികൾ ഏറുകയാണ്. ഇത്തരം സംഭവങ്ങളിൽ യുവാക്കൾ ജാഗ്രത പാലിക്കണമെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ആവശ്യപ്പെട്ടു.
ജില്ലാ അദാലത്തിൽ 10 പരാതികൾ തീർപ്പാക്കി. ആകെ 21 പരാതികളാണ് പരിഗണിച്ചത്. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 5 പരാതികൾ ലഭിച്ചു.
ജില്ലാതല അദാലത്തിൽ കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
- Log in to post comments