ദേശീയ നവജാതശിശു സംരക്ഷണ വാരം; ജില്ലാതല ഉദ്ഘാടനം നടത്തി
ദേശീയ നവജാതശിശു സംരക്ഷണ വാരം 2024 ന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ മേരിക്കുട്ടി ജോയ് നിര്‍വ്വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആരോഗ്യകേരളം തൃശ്ശൂര്‍ ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജനിച്ച 25 നവജാതശിശുക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ വിതരണം ചെയ്തു. കേരളാവിഷന്റെ 'എന്റെ കണ്‍മണിക്ക്' പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത 75 ബേബി ബെഡ്ഡുകളും വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രസവ സേവനങ്ങള്‍ സ്വീകരിച്ച ഗുണഭോക്താവ് വീണ പ്രഭീഷിന്റെ അനുഭവം പങ്കുവെക്കലും, തുടര്‍ന്ന് ആശുപത്രി പീഡിയാട്രീഷന്‍ ഡോ ശില്‍പ ബേബി നയിച്ച നവജാതശിശു സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസ്സും നടന്നു.
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡിഎംഒ ആന്‍ഡ് ഡി എല്‍ ഒ ഡോ. ഫ്‌ലെമി ജോസ്, ഡി എന്‍ ഒ ഷീജ എം എസ്സ്, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് റൂബി പി.എ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ അല്‍ജോ സി. ചെറിയാന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി എസ്സ് ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, കേരള വിഷന്‍ മാള മേഖല പ്രസിഡന്റ് സുബിതന്‍ പി.എസ്സ്, ലേ സെക്രട്ടറി പ്രഭ വി.പി, നഴ്‌സിങ്ങ് സൂപ്രണ്ട് ഉമാദേവി പി.എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് എം.ജി നന്ദി പറഞ്ഞു.
- Log in to post comments