കാൻസർ സ്‌ക്രീനിംഗിൽ എല്ലാവരും പങ്കാളികളാകണം: നിയമസഭാ സ്പീക്കർ
*വനിതാ എംഎൽഎമാർക്കും ജീവനക്കാർക്കുമായി നിയമസഭയിൽ സ്‌ക്രീനിംഗ് നടത്തി
'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസർ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗിൽ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ആരോഗ്യ വകുപ്പ് കാൻസറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാൻസർ തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. അതിനാൽ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാൻസർ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. ജപ്പാൻ പോലെയുള്ള വികസിത രാജ്യങ്ങൾ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീൻ ചെയ്യുമ്പോൾ കേരളം 30 വയസ് മുതൽ സ്‌ക്രീൻ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പിൽ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല. അതിനാൽ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് മുൻകൈയ്യെടുത്ത ആരോഗ്യ വകുപ്പ് മന്ത്രിയേയും ആരോഗ്യ വകുപ്പിനേയും സ്പീക്കർ അഭിനന്ദിച്ചു. നിയമസഭാ വനിതാ എംഎൽഎമാർക്കും വനിതാ ജീവനക്കാർക്കുമുള്ള കാൻസർ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ
ആളുകൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ജനപ്രിതിനിധികളുടെ സ്‌ക്രീനിംഗ് സഹായിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പലരും അവസാന സ്റ്റേജുകളിലാണ് പരിശോധനയ്ക്ക് എത്തുന്നത്. അതിനാൽ ചികിത്സയും സങ്കീർണമാകുന്നു. വലിയ സാമ്പത്തിക ഭാരവുമാകും. ആദ്യം തന്നെ കാൻസർ കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും ബോധ്യവും വളർത്തിയെടുക്കുന്ന ബിഹേവിയറൽ ചേഞ്ചാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കാൻസർ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. നിയമസഭയിൽ കാൻസർ സ്‌ക്രീനിംഗിന് അനുമതി നൽകിയ സ്പീക്കറോടും നിയമസഭാ സെക്രട്ടറിയേറ്റിനോടും മന്ത്രി നന്ദി അറിയിച്ചു.
വളരെ ശ്രദ്ധേയമായ പരിപാടിയാണ് കാൻസർ സ്‌ക്രീനിംഗെന്ന് ചടങ്ങിൽ പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കാൻസർ നേരത്തെ കണ്ടെത്തുന്നതിലൂടെ കഷ്ടതകൾ കുറയ്ക്കാനാകും. എല്ലാവരും ഈ സ്‌ക്രീനിംഗിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സ്‌ക്രീനിംഗ് വേദി സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു.
മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എംഎൽഎമാർ, നിയമസഭാ ജീവനക്കാർ എന്നിവർ സ്‌ക്രീനിംഗിൽ പങ്കെടുത്തു. ആദ്യ സ്‌ക്രീനിംഗ് നടത്തിയത് കെ.കെ. രമ എംഎൽഎയാണ്. നിയമസഭാ സെക്രട്ടറി കൃഷ്ണകുമാർ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സ്‌ക്രീനിംഗിൽ 180 പേരെ സ്‌ക്രീൻ ചെയ്തു. അതിൽ 82 പേരെ തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആർ സി സി, മെഡിക്കൽ കോളേജ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടേ നേതൃത്വത്തിലാണ് സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്.
പി.എൻ.എക്സ് 701/2025
- Log in to post comments