Skip to main content

ജില്ലയെ മാലിന്യ മുക്തമാക്കുന്നതിന് എല്ലാവരും ഒന്നിക്കുക: ജില്ലാ കളക്ടർ

ലോക സീറോ വേയ്സ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള  പ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് അഭ്യർത്ഥിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനും സംസ്‌കരണത്തിനായി കയറ്റി അയക്കുന്നതിനും സംവിധാനങ്ങളുണ്ട്. എന്നിട്ടും മിക്ക വഴിയോരങ്ങളിലും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ട്. വലിച്ചെറിയുന്നവരുടെ എണ്ണം  കുറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിലെ എല്ലാ സ്ഥലങ്ങളും നൂറ് ശതമാനം വലിച്ചെറിയൽ മുക്തമാക്കേണ്ടതുണ്ട്.ഇതിനായി മാർച്ച് 13, 14, 15, 16 തിയതികളിൽ മാസ് ശുചീകരണ ക്യാമ്പയിൻ നടത്തും. സന്നദ്ധ പ്രവർത്തകർ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾ  ശുചീകരണ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ജില്ലാ കളകടർ നിർദേശിച്ചു. 16-ാം തീയതിക്ക് ശേഷം വലിച്ചെറിയൽ കാണപ്പെടുന്ന സ്ഥല/കെട്ടിട ഉടമകൾക്കെതിരെയും മാലിന്യം വലിച്ചെറിയുന്നവർക്കെതിരേയും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ഇതിനായി ജില്ലാതലത്തിൽ ഏഴ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപന തലത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡുകളും പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.

date