Skip to main content

കേര ഗ്രാമങ്ങൾ സ്വന്തം ബ്രാൻഡിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണം: മന്ത്രി പി പ്രസാദ്

(പടം)

-വന്യമൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും

-2020- 21 വർഷം ഹെക്റ്ററിൽ 6228 നാളികേരം ഉൽപ്പാദിപ്പിച്ചത് 2023-24 ൽ 7211 ആയി വർധിച്ചു

എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാൻഡിൽ നാളികേര അധിഷ്ഠിത  മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

കൃഷിക്കാരന് കാർഷികോൽപ്പന്നങ്ങൾക്ക് ഉയർന്ന മൂല്യം ലഭിക്കണമെങ്കിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെയും വിപണനത്തിലൂടെയും  മാത്രമാണ് സാധ്യമാവുക. കൃഷികൊണ്ട് അന്ത:സാർന്ന ജീവിതം നയിക്കാൻ കൃഷിക്കാരന്  കഴിയണം. ശാസ്ത്രീയമായ കൃഷി രീതികൾ അവലംബിക്കുന്നതിലൂടെയും   യന്ത്രവൽകരണത്തിലൂടെയും നാളികേര ഉത്പാദനം വർധിപ്പിക്കാൻ കഴിയും.  മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം തദ്ദേശീയമായി തന്നെ നൽകും.

സംസ്ഥാന കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പ്‌ ചെക്യാട്, നാദാപുരം ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കിയ  കേരഗ്രാമം പദ്ധതിയുടെയും സോയിൽ ഹെൽത്ത് കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം
നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം പാറക്കടവ് പഞ്ചായത്ത്‌ മിനി കമ്മ്യൂണിറ്റി ഹാളിലും നാദാപുരം ഗ്രാമപഞ്ചായത്തിന്റേത് നാദാപുരം പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിലുമാണ് നടന്നത്.

നാളികേര ഉൽപാദനത്തിൽ നാം ഇനിയും മുന്നേറേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്ണ്യമായി വർധിപ്പിക്കാൻ  കഴിഞ്ഞു. കർഷകർക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്.  

കാർഷിക മേഖലയിൽ കഴിഞ്ഞ വർഷം 4.65% വളർച്ചയാണ് ഉണ്ടായത്. കേരളത്തിന്റെ ഘടനയിലെ ശക്തിയും ദൗർബ്ബല്യവും മനസിലാക്കി കൊണ്ടുള്ള ഇടപെടലുകളാണ് കാർഷിക മേഖലയിൽ നടത്തുന്നത്.
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനായി ക്രിയാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.  വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വനം വകുപ്പുമായി ചേർന്ന് കൃഷിവകുപ്പ് പ്രവർത്തിക്കും.
തരിശായി കിടക്കുന്ന പരമാവധി സ്ഥലങ്ങളെ കൃഷി യോഗ്യമാക്കി കൃഷി ഇറക്കണം.

ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ലഭ്യമാക്കുക, തെങ്ങിൻ തോപ്പുകളിൽ മെച്ചപ്പെട്ട കാർഷിക പരിപാലനം, ഇടവിളകൃഷി, സമഗ്രകൃഷി, സംയോജിത കീട-രോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, മെച്ചപ്പെട്ട ജല സേചന സൗകര്യം ഒരുക്കൽ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി നാദാപുരം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽ 29 ലക്ഷം രൂപ വീതം കേരഗ്രാമത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്.

ഇ കെ വിജയൻ എംഎൽഎ രണ്ട് പരിപാടികളിലും അധ്യക്ഷത വഹിച്ചു.

ചെക്യാട് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വനജ കെ പി, വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ സി എച്ച് സമീറ, സുബൈർ പാറേമ്മൽ, റംല കുട്ട്യാപണ്ടി, തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ധ്വര കെ, ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാജറ ചെറൂണിയിൽ, ടി കെ ഖാലിദ് മാസ്റ്റർ, കെ പി മോഹൻദാസ്, കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സപ്ന എസ് പദ്ധതി വിശദീകരിച്ചു.  മികച്ച കർഷകനായ അബ്ദുല്ല വയലോളിയെ ആദരിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് തല പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി,
തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വനജ കെ പി, ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമ കാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, നാദാപുരം പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്,   ബ്ലോക്ക്‌ പഞ്ചായത്ത മെമ്പർമാരായ എ സജീവ്, സി എച്ച് നജ്‌മ ബീവി, ഗ്രാമപഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ, കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മികച്ച കേര കർഷകനായ ഇബ്രാഹിം പുലിയച്ചേരിയെ ആദരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സപ്ന എസ് പദ്ധതി വിശദീകരിച്ചു.

date