സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും
കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ലക്ടീവ് കോട്ടുകള്‍, തൊപ്പി, കുടകള്‍, കുടിവെള്ളം, സുരക്ഷാകണ്ണടകള്‍ എന്നിവയും തൊഴിലുടമകള്‍ നല്‍കണം. 1960 ലെ കേരള ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ഇതിനനുസരിച്ച് ഭേദഗതി വരുത്തിയിട്ടുള്ളതായും നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
- Log in to post comments