ഭൂമി വില കുറച്ച് കാണിച്ചുള്ള ആധാരം രജിസ്ട്രേഷന്‍: അദാലത്ത് 25 ന്
ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി കോമ്പൗണ്ടിങ് സ്‌കീം പ്രകാരം രജിസ്ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 25 ന് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. പാലക്കാട് ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് നോട്ടീസ് ലഭിച്ച കേസുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. സബ് രജിസ്ട്രാര്‍ നിശ്ചയിച്ച കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ചാല്‍മതിയാകും. ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.
- Log in to post comments