സഞ്ചരിക്കുന്ന എ ബി സി പദ്ധതിയുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്
തെരുവ് നായ ശല്യം കൂടുന്ന സാഹചര്യത്തില്‍ സഞ്ചരിക്കുന്ന എ ബി സി പദ്ധതിയുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതി. ബ്ലോക്കിലെ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ് പറഞ്ഞു. വിവിധ മേഖലകളിലായി 49 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഉല്‍പാദന മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ചെറുകിട വ്യവസായ സംരഭം ആരംഭിക്കുന്നതിന് 75 ശതമാനം സബ്സിഡി നല്‍കുന്ന സംരംഭകത്വ പദ്ധതിക്കാണ് ബജറ്റില്‍ പ്രത്യേക ഊന്നല്‍. നെല്‍കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാപ്പിനിശ്ശേരി സിഎച്ച്സിക്ക് കെട്ടിടം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണം, വയോജനങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, പട്ടിക ജാതി വിഭാഗത്തിനുള്ള പദ്ധതികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ബജറ്റിലുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പി.വി അജിത, കെ.വി സതീശന്‍, പി. പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം പി.ഒ ചന്ദ്ര മോഹനന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറി സീമ കുഞ്ചാല്‍, ഹെഡ് ക്ലര്‍ക്ക് ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments