ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടം: മന്ത്രി എം.ബി. രാജേഷ്
ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് മന്ത്രി നാടിന് സമർപ്പിച്ചു
ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ചേർത്തലയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൾ ആപത്തും ദുഃശകനവും ആണ് എന്നുള്ള നാട്ടിലെ അന്ധവിശ്വാസമാണ് ചേർത്തലയിലെ ശുചിമുറി മാലിന്യ പ്ലാൻ്റ് ഉദ്ഘാടനത്തോടെ പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇത് ഒരു ചരിത്ര നിമിഷമാണ്. ഏത് ഒരു വലിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെക്കാളും അഭിമാനത്തോടെയാണ് ഈ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. കൂട്ടായ്മയുടെയും പരിശ്രമത്തിൻ്റെയും ഫലമായിട്ടാണ് ഈ പ്ലാൻ്റ് യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എവിടെയെങ്കിലും ശുചി മുറി മാലിന്യ പ്ലാൻ്റിനെതിരെ പ്രതിഷേധം വന്നാൽ അവരെ ചേർത്തലയിലെ പ്ലാൻ്റിൽ കൊണ്ടുവന്ന് ഇത്തരം പ്ലാൻ്റുകളുടെ ആവശ്യത്തെക്കുറിച്ച് ബോധവാൻമാരാക്കുവാൻ ഇനി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചേർത്തല ആനതറവെളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി.
ജനങ്ങളുടെ ആരോഗ്യവും ജീവിതവുമാണ് വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എങ്കിൽ അതിനേറ്റവും അത്യാവശ്യമായ ഒരു സുപ്രധാന പദ്ധതിയാണ് ശുചിമുറി മാലിന്യ സംസ്കരണപ്ലാൻ്റെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം പദ്ധതികൾ വരും തലമുറയ്ക്ക് മാതൃകയാകട്ടെയെന്നും കാസർഗോഡ് ഇതേ മാതൃകയിൽ പ്ലാന്റ് നിർമ്മിക്കുന്നതിനായി പ്ലാന്റേഷൻ കോർപ്പറേഷൻ വഴി സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിലെ ഈ പ്ലാന്റ് പ്രവർത്തിക്കുന്നതിലൂടെ വേമ്പനാട് കായലിന്റെ ശുചീകരണം കൂടിയാണ് നടപ്പാകുന്നത്. ഹൗസ് ബോട്ടുകളുടെ മാലിന്യങ്ങളും ഇവിടേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്‌ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 7.7 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. പ്രതിദിനം 2.5 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം (250 കെ.എൽ.ഡി.) സംസ്കരിക്കാനുള്ള സംവിധാനം പ്ലാൻ്റിൽ ഒരുക്കിയിട്ടുണ്ട്.
പൂർണമായും സൗരോർജ്ജത്തിലാണ് പ്ളാൻറ് പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗ്ഗവൻ, മുൻ എം പി എ എം ആരിഫ്, ഇമ്പാക്ട് കേരള ഡയറക്ടർ എസ് സുബ്രഹ്മണ്യൻ, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി ശശികല, നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, സ്ഥിരം സമിതി അംഗങ്ങളായ ശോഭ ജോഷി, ജി രഞ്ജിത്ത്, മാധുരി സാബു, എ എസ് സാബു, ഏലിക്കുട്ടി ജോൺ,
എൽഐഡി ആൻഡ് ഇഡബ്ല്യൂ ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എസ് ശ്രീകുമാർ , നഗരസഭാംഗങ്ങളായ പി ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്, ലിസി ടോമി, ഷീജ സന്തോഷ്, തണ്ണീർമുക്കം പഞ്ചായത്തംഗം മഞ്ജു സുരേഷ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ എസ് രാജേഷ്, നഗരസഭാ ശുചിത്വ അമ്പാസിഡർ ബിജു മല്ലാരി, കെ ബി ജിനേഷ്, പി പി ഉദയസിംഹൻ, പി ആർ മായാദേവി, എസ് സുധീപ്, അഡ്വ. പി. ജ്യോതിമോൾ, ടി കെ സുജിത്ത്,
മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments