Skip to main content

ധവള വിപ്ലവത്തിന് ഒരുങ്ങി വല്ലച്ചിറ

 പാൽ ഉത്പാദനത്തിൽ അതിവേഗ വളർച്ച കൈവരിച്ച് ധവള വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വല്ലച്ചിറ ഗ്രാമപഞ്ചായത്ത്. സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലൂടെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ക്ഷീരവികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്. സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത 40 പഞ്ചായത്തുകളിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള മൂന്ന് പഞ്ചായത്തിലൊന്നായി വല്ലച്ചിറ ഗ്രാമപഞ്ചായത്തിലും ക്ഷീര ഗ്രാമം പദ്ധതിക്ക് തുടക്കമായി.

 ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ വിനിയോഗിച്ച് 29 പശുക്കളെയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായ 10 ലക്ഷം രൂപ വിനിയോഗിച്ച് 23 പശുക്കളെയും വിതരണം ചെയ്തു. 30000 രൂപ സബ്സിഡി നൽകിയാണ് ക്ഷീരകർഷകർക്ക് പശുക്കളെ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് പശുക്കൾ വീതം മൂന്നുപേർക്കും, രണ്ട് പശുക്കൾ വീതം ഏഴ് പേർക്കുമാണ്‌ വിതരണം ചെയ്തത്. ക്ഷീര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  3.10 ലക്ഷം രൂപയുടെ കാലിത്തീറ്റയും, ഒരു ലക്ഷം രൂപ വിനിയോഗിച്ച് മൂന്നുപേർക്ക്  തൊഴുത്ത് നവീകരണവും സാധ്യമാക്കി. പശുക്കൾക്ക് 150 എണ്ണം ധാതുലവണ മിശ്രിതം വിതരണം ചെയ്തു. വല്ലച്ചിറയെ ക്ഷീര ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കി, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷീരഗ്രാമം പദ്ധതിക്ക് പുറമേ ഗ്രാമപഞ്ചായത്ത് തനത് ക്ഷീര വികസന പദ്ധതികളും ഏറ്റെടുത്ത് വല്ലച്ചിറയുടെ  ധവള വിപ്ലവത്തിന് കരുത്താകുന്നു. സംസ്ഥാനത്ത് ആദ്യം പദ്ധതി പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത് എന്ന  അഭിമാന നേട്ടവും ഏറ്റുവാങ്ങിയാണ് വല്ലച്ചിറയിലെ ക്ഷീര വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത്.

date