സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടക അവാര്‍ഡ് സമര്‍പ്പണം ഇന്ന്
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമേച്വര്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന് (മാര്‍ച്ച് 29) വൈകീട്ട് 5.30 ന് എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി.സ്‌കൂളില്‍ നടക്കും. അവാര്‍ഡ് സമര്‍പ്പണം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.14 കാറ്റഗറികളിലായി 15 കലാകാരന്മാര്‍ അവാര്‍ഡ് സ്വീകരിക്കും. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖപ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, അക്കാദമി നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, തൃശ്ശൂര്‍ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ. വി.ഡി. പ്രേമപ്രസാദ്, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. വി.എസ്. മാധവന്‍ തുടങ്ങിയവര്‍ സംസാരിക്കും. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ. അനില്‍കുമാര്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ കെ.സി.ഷാജു നന്ദിയും പറയും. അവാര്‍ഡ് സമര്‍പ്പണത്തിനുശേഷം 'മാടന്‍മോക്ഷം' എന്ന നാടകം അരങ്ങേറും.
- Log in to post comments