സീതത്തോട് വാതക ശ്മശാനം
മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്. ആങ്ങാമൂഴി കൊച്ചാണ്ടിയില്‍ 55 സെന്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ശ്മശാനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എഫ് സി ടൈഡ് ഫണ്ട് 44 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. ആദ്യഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ ജീവനക്കാരെ സഹായിക്കും.
മലയോര ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ആധുനിക ശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പ്രതിസന്ധിയാണ് വാതകശ്മശാനത്തോടെ പരിഹരിക്കുന്നത്. എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിക്കുക. ദുര്‍ഗന്ധമില്ലാതെയും ദ്രുതഗതിയിലും മൃതദേഹം സംസ്‌കരിക്കാനാകും. പരിസ്ഥിതി മലിനീകരണം കുറയും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡം പാലിച്ചാകും പ്രവര്‍ത്തനം.
നിലവില്‍ സീതത്തോട് മേഖലയിലെ ആദ്യ വാതക ശ്മശാനമാണ്. പരിസരത്ത് ചെടികള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണം സാധ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് പറഞ്ഞു.
- Log in to post comments