എലത്തൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികള്‍ സമബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി എ കെ ശശീന്ദ്രന്‍
എലത്തൂര്‍ മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പദ്ധതികള്‍ കാലതാമസം വരുത്താതെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതികളുടെ പുരോഗതികളാണ് യോഗം വിലിരുത്തിയത്.
പുതിയ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്നും പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വികസന പദ്ധതികളുടെ അവലോകനം നടത്താനും മന്ത്രി നിര്‍ദേശിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണം, ഹൈമാസ്റ്റ് ലൈറ്റ് നിര്‍മ്മാണം, കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിനു കീഴില്‍ നടക്കുന്ന വിവിധ പ്രവൃത്തികള്‍, സോളാര്‍ ലൈറ്റ് തുടങ്ങി വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments