Skip to main content

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ: അവലോകന യോഗം ചേർന്നു

ഏപ്രിൽ 10 മുതൽ 13 വരെ വർക്കല ഇടവ ബീച്ചിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘാടക സമിതിയുടെ അവലോകനയോഗം ചേർന്നു. ഫെസ്റ്റിവലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള അസൗകര്യങ്ങളും ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ ഉണ്ടാകുകയില്ലെന്ന് സംഘാടകർ ഉറപ്പു നൽകി.

ഹരിതചട്ടം പാലിച്ചായിരിക്കും ഫെസ്‌റ്റിവൽ സംഘടിപ്പിക്കുക. രാവിലെ 6.30 മുതൽ 11:30 വരെയാണ് മത്സരങ്ങൾ. മത്സരസമയങ്ങളിലെല്ലാം പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാകും. മത്സരാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കും.

ഏപ്രിൽ 10 ന് വൈകിട്ട് 4 ന് ഇടവ ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്    സർഫിംഗ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 70 ലധികം അത് ലറ്റുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. 2 ലക്ഷം രൂപയാണ് സമ്മാന തുക.

ഇടവ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, വികസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഹർഷദ് സാബു, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, സർഫിംഗ് അത് ലറ്റുകൾ, പരിശീലകർ, മത്സ്യത്തൊഴിലാളികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date