മറ്റുള്ളവരെ ആശ്രയിക്കാതെ യാത്ര ചെയ്യാം; അനുശ്രീ മടങ്ങിയത് ആത്മവിശ്വാസത്തിന്റെ നിറചിരിയുമായി
ആരെയും ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യുക എന്നതായിരുന്നു നരിക്കുനി സ്വദേശിയായ അനുശ്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അതിനു പരിഹാമായതിന്റെ സന്തോഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്ത മുചക്ര വാഹനം ഏറ്റു വാങ്ങാന്‍ അച്ഛനോടൊപ്പം അനുശ്രീ എത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അനുശ്രീയ്ക്ക് 13-ാം വയസ്സിലാണ് അര്‍ബുദം കണ്ടെത്തുന്നത്. ചികിത്സയുടെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പ് കാലുകള്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. വെല്ലുവിളികളെ മനസുറപ്പു കൊണ്ട് അതിജീവിച്ച് ആംപ്യുടേഷന്‍ ചെയ്ത അതേ വര്‍ഷം തന്നെ അനുശ്രീ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. കൃത്രിമ കാലുമായി ഹോസ്റ്റലില്‍ നിന്നു കോളേജിലേക്കും വീട്ടിലേക്കുമുള്ള യാത്രകള്‍ പലപ്പോഴും പ്രയാസമായിരുന്നു. സ്‌കൂട്ടര്‍ ലഭിച്ചതിലൂടെ ക്ലിനിക് പോസ്റ്റിങ്ങുകളിലും മറ്റ് യാത്രകളിലും മറ്റുള്ളവരെ അധികം ആശ്രയിക്കാതെ മുന്നോട്ടുപോകാം എന്ന ആത്മവിശ്വാസമാണ് കൈവന്നതെന്ന് അനുശ്രീ പറയുന്നു. അതിനു അവസരമൊരുക്കിയ ജില്ലാ പഞ്ചായത്തിനോടുള്ള നന്ദിയും സ്‌നേഹവും അവര്‍ പങ്കുവെച്ചു.
കെഎസ്ഇബിയില്‍ നിന്നും വിരമിച്ച പ്രേമരാജന്റെയും ഷീനയുടെയും മകളാണ് അനുശ്രീ. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് വാഹനം നല്‍കിയത്.
- Log in to post comments