Skip to main content

ലഹരി പ്രതിരോധം ജില്ലയിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും

അവലോകന യോഗം ചേർന്നു

 

ലഹരിയുടെ ഉപയോഗവും അത് മൂലമുള്ള അക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.

 

 ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 'സ്പോർട്സ് ആണ് ലഹരി' എന്ന ആശയം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗം പി.വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ജനകീയ സമിതികൾ രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് യോഗത്തിൽ എംഎൽഎ നിർദ്ദേശിച്ചു. ലഹരിയുടെ ഉപയോഗം സർക്കാർ ഗൗരവമായി കാണുന്നുണ്ട്. എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പൊതുജന പങ്കാളിത്തം അത്യാവശ്യം ആണെന്നും എംഎൽഎ പറഞ്ഞു.

 

ജില്ലയിൽ ഇറിഗേഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഭൂമികൾ കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവ വൃത്തിയാക്കി കുട്ടികൾക്ക് കളിക്കളമായി നൽകണമെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങൾ കുട്ടികൾക്ക് കളിക്കാൻ തുറന്നു നൽകും എന്നും അദ്ദേഹം പറഞ്ഞു. 

 

എൻഫോഴ്സ്മെന്റ് ടീമിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ഏപ്രിൽ 30 വരെ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഏകോപനത്തോടെ ലഹരിക്കെതിരെ വലിയ ക്യാമ്പയിൻ തന്നെ സംഘടിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. 

 

പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ കോർ കമ്മിറ്റികൾ രൂപീകരിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ലഹരി ഉപയോഗത്തിനെതിരെ മാരത്തോൺ, കുടുംബശ്രീ പ്രവർത്തനങ്ങൾ ശക്തമാക്കുക, കായികവുമായി ബന്ധപ്പെട്ട ആളുകളെ ഉൾപ്പെടുത്തി വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

 

ജില്ലയിൽ 102 സിഡിഎസുകളും 25303 അയൽക്കൂട്ടങ്ങളാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീ തലത്തിൽ താഴെത്തട്ടിൽ വരെ മാസ് ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. 

കുട്ടികളുടെ ബാലസഭകൾ വഴിയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പ്രചരിപ്പിക്കും. 

 

'ലഹരിക്കെതിരെ ഒരു ഗോൾ' എന്ന പേരിൽ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. ശാരീരിക വൈകല്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വീൽ ചെയർ ബാസ്കറ്റ് ബോൾ, സൈക്കിളിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ രാത്രിയിൽ സൈക്കിൾ ഡ്രൈവുകൾ, റോളർ സ്കേറ്റിംഗ്, കരാട്ടെ, വടംവലി പഞ്ചഗുസ്തി, സെപാക് തക്രോ തുടങ്ങി വിവിധ കായിക ഇനങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരത്തി വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.

 

കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി എ ശ്രീജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ ജെ ജേക്കബ്, സെക്രട്ടറി ടി പി റോയ്, മുൻ പ്രസിഡൻ്റ് വി എ സക്കീർ ഹുസൈൻ, വിവിധ കായിക അസോസിയേഷൻ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date