ചുഴലിക്കാറ്റ് പ്രതിരോധം : ജില്ലയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു
ചുഴലിക്കാറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത തയ്യാറെടുപ്പുകൾ വിലയിരുത്താൻ മോക്ഡ്രിൽ സംഘടിപ്പിച്ചു. ജില്ലയിൽ പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബറിന് സമീപവും ചെറുതന ഗ്രാമപഞ്ചായത്തിലെ ആയാപറമ്പ് കടവ്, വെട്ടുകുളഞ്ഞിക്കടവ് എന്നിവിടങ്ങളിലുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
രാവിലെ എട്ട് മണിയോടെ മോക്ഡ്രില്‍ തയ്യാറെടുപ്പുകൾ ആരംഭിച്ചു. പുറക്കാട് പഞ്ചായത്ത് 10ാം വാർഡിൽ നടന്ന മോക്ഡ്രില്ലിൻ്റെ ഭാഗമായി ദുരിതബാധിതരെ നാലുചിറ ഗവ. ഹൈസ്കൂളിലാണ് പാർപ്പിച്ചത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ രണ്ട് കെഎസ്ആർടിസി ബസ്സുകളിലും രോഗികളെ ആംബുലൻസിലുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. എച്ച് സലാം എംഎൽഎ ദുരന്തമുഖത്തെയും ദുരിതാശ്വാസ സംരക്ഷണ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്തബാധിത പ്രദേശത്തുനിന്നും 100ലധികം ജനങ്ങളെ ഒഴിപ്പിക്കുന്നതിന് പൊലീസ്, ഫയർ ഫോഴ്സ്, ഐടിബിപി, ഫിഷറീസ്, ആരോഗ്യവകുപ്പ്, ആർടിഒ, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ കർമ്മനിരതരായി. ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ നിന്നും മുന്നറിയിപ്പ് ലഭിച്ച മുറക്ക് താലൂക്ക് ഇൻസിഡന്റ് കമാൻഡർമാരുടെ നേതൃത്വത്തിൽ ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ ഡിഫൻസ്, ആപ്ത മിത്ര, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ദുരന്തബാധിത പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിൻ്റെ സേവനം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പുവരുത്തി. തുടർന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഹരിതകർമ്മസേന, അങ്കണവാടി അധ്യാപകർ, ആശാ പ്രവർത്തകർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മോക്ഡ്രില്ലിന് ശേഷം നാലുചിറ ഗവ. ഹൈസ്കൂളിൽ ഇന്റർ ഗവൺമെന്റൽ സമുദ്ര ശാസ്ത്ര കമ്മീഷന്റെ സുനാമി റെഡി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായുള്ള യോഗവും ചേർന്നു. തീരദേശ സമൂഹത്തിന്റെ സുനാമി അതിജീവന തയ്യാറെടുപ്പ് മെച്ചപ്പെടുത്തുകയും ജീവന്റെയും ഉപജീവനമാർഗ്ഗങ്ങളുടെയും സ്വത്തിന്റെയും നഷ്ടം കുറയ്ക്കുകയും ചെയ്യുകയെന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഐ.എൻ.സി.ഒ.ഐ.എസ്.) പ്രതിനിധികൾ, യുനെസ്കോ ഐഒസി സുനാമി റെഡി സർട്ടിഫിക്കറ്റ് പദ്ധതി പ്രതിനിധികൾ, കെഎസ്ഡിഎംഎ ഉദ്യോഗസ്ഥർ, കില പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചെറുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിന്റെ ഭാഗമായി ബേസ് ക്യാമ്പായ ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിൽ കെഎസ്ആർടിസി ബസ്, ജെസിബി, ക്രെയിൻ, രണ്ട് ഐസിയു ആംബുലൻസുകള്‍, മൂന്ന് മിനി ബസ്സുകള്‍, ഫയർ ഫോഴ്സ് സ്കൂബാ ബോട്ട്, വള്ളം തുടങ്ങിയവ സജ്ജമാക്കിയിരുന്നു. രാവിലെ എട്ട് മണിക്ക് ചെറുതന സൈക്ലോൺ ഷെൽറ്ററിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഓൺസൈറ്റ് ഇൻസിഡൻ്റ് കമാൻഡറും താലൂക്ക് ഇൻസിഡന്റ് കമാൻഡറും മുൻകൂട്ടിയുള്ള ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്തു. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കന്നുകാലികളെയും മറ്റ് വളർത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആയാപറമ്പ്, വെട്ടുകുളഞ്ഞി ഭാഗങ്ങളിലെ 33 കുടുംബങ്ങളിലെ 69 പേരെ ബോട്ടിലും വള്ളത്തിലും ഇക്കരെ എത്തിച്ച ശേഷം ബസുകളിൽ ദുരിതാശ്വാസ ക്യാമ്പായി നിശ്ചിയിച്ചിരുന്ന ചെറുതന സൈക്ലോൺ ഷെൽറ്ററിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് ഡോക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെയും രണ്ടിടത്തും നിയോഗിച്ചിരുന്നു. ദുരന്തത്തെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൗൺസിലിങ്ങും ക്യാമ്പുകളിൽ ഏർപ്പെടുത്തിയിരുന്നു. ശേഷം നടന്ന അവലോകനത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കുമാർ, എസ്ഡബ്ല്യൂടിഡി, ഇറിഗേഷൻ വകുപ്പുകളിലെ ജീവനക്കാർ പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ നിർവഹിച്ചു.
(പി.ആര്‍/എ.എല്‍.പി/1093)
- Log in to post comments