Skip to main content

സംരംഭക മുന്നേറ്റത്തില്‍ തിളങ്ങി മലപ്പുറം ജില്ല

സംരംഭകത്വ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് സംരംഭങ്ങളുടെ എണ്ണത്തില്‍ നാലാം സ്ഥാനവും തൊഴില്‍ സൃഷ്ടിച്ചതിലും നിക്ഷേപത്തിലും രണ്ടാം സ്ഥാനവുമാണ് ജില്ലക്കുളളത്. സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയ സംരംഭകത്വ പ്രോത്സാഹന നടപടികള്‍ കൃത്യമായി നടപ്പിലാക്കിയതും വ്യവസായ  വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവന സന്നദ്ധതയും ജില്ലാ ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് മുന്നേറ്റത്തിന് കാരണമായതെന്ന് ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  യുവതീയുവാക്കള്‍ സംരംഭക മേഖലയിലേക്ക് കടന്നുവരുന്നതും ജില്ലയുടെ കുതിപ്പിന് കാരണമായി.   സംരംഭകര്‍ക്ക് വിവിധ അനുമതികള്‍ കാലതാമസം കൂടാതെ നല്‍കുന്നതിനുളള ഏകജാലക സംവിധാനം ഫലപ്രദമായാണ്  പ്രവര്‍ത്തിക്കുന്നതെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. 2022 ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ 33,342 സംരംഭങ്ങളാണ് ജില്ലയില്‍ ആരംഭിച്ചത്. 76,521 തൊഴിലവസരങ്ങള്‍ ഇതു വഴി സൃഷ്ടിക്കുകയും 2,243 കോടി രൂപയുടെ നിക്ഷേപം ജില്ലയിലുണ്ടാവുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 10300  സംരംഭങ്ങള്‍ എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ 10773 സംരംഭങ്ങള്‍ ആരംഭിച്ച് ജില്ല നേട്ടം കൈവരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ഇ.ജി.പി യില്‍ 2024-25 സാമ്പത്തിക വര്‍ഷം 655 പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ വിവിധ ബാങ്കുകളിലേക്ക് ജില്ലയില്‍ നിന്ന്  സമര്‍പ്പിച്ചിട്ടുണ്ട്.  433 പദ്ധതികള്‍ക്ക് ബാങ്കുകള്‍ അംഗീകാരം നല്‍കിയതിലൂടെ 1749 ലക്ഷം രൂപയുടെ വായ്പ ലഭ്യമായി. പദ്ധതികള്‍ക്കായി 490 ലക്ഷം രൂപയുടെ സബ്സിഡി സംരംഭകര്‍ക്ക് ലഭ്യമാകുന്നുന്നുണ്ട്.  സംരംഭകരുടെ യോഗ്യതകള്‍ പ്രകാരം 15ശതമാനം 35 ശതമാനം വരെയാണ് പദ്ധതിക്കായി സബ്‌സിഡി ലഭിക്കുന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ 400 ശതമാനമാണ് ഈ രംഗത്തെ നേട്ടം.ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ്  സംരംഭക സഹായ പദ്ധതി. ഈ പദ്ധതിയിലൂടെ നിക്ഷേപകന്റെ വിഭാഗം, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15% മുതല്‍ 45% വരെ  സബ്സിഡി ലഭിക്കും. പദ്ധതിയിലൂടെ 141 അപേക്ഷകര്‍ക്ക് 12.19 കോടി രൂപയുടെ ധനസഹായം അംഗീകരിച്ചു. 2.41 കോടി രൂപ 50 സംരംഭങ്ങള്‍ക്കായി വിതരണം  ചെയ്തു.
ഭക്ഷ്യ മേഖലക്ക് മാത്രമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതിയിലും ജില്ല വലിയ മുന്നേറ്റം നടത്തി.  231 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ടാര്‍ജറ്റ് ഉണ്ടായിരുന്ന പദ്ധതി പ്രകാരം 299 സംരംഭങ്ങള്‍ക്കാണ് വായ്പാ അനുമതി ലഭിച്ചത് . 904 ലക്ഷം രൂപയുടെ വായ്പ സംരംഭങ്ങള്‍ക്കായി ലഭ്യമായി.316 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം സംരംഭകര്‍ക്ക് ലഭ്യമാകുന്ന സബ്സിഡി തുക.
സംരംഭക വര്‍ഷം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ ചെറുകിട സംരംഭങ്ങള്‍ക്കുളള പലിശ സബ്‌സിഡി, ഇന്‍ഷുറന്‍സ് ധന സഹായം എന്നിവയിലും ജില്ലയില്‍ മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. പലിശ സബ്‌സിഡി നല്‍കുന്ന  `ഒരു കുടുംബം ഒരു സംരംഭം' പദ്ധതി  പ്രകാരം 38.33 ലക്ഷം രൂപയുടെ സബ്സിഡിക്കായി 272 അപേക്ഷകളാണ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ടത്. 2022 ഏപ്രിലിന് ശേഷം ആരംഭിച്ച ചെറുകിട ഉല്‍പാദന, സേവന, വാണിജ്യ സ്ഥാപനങ്ങള്‍ക്കുളള വായ്പയുടെ പലിശയില്‍ 6 ശതമാനം വരെയാണ് പദ്ധതി പ്രകാരം സര്‍ക്കാര്‍ തിരികെ നല്‍കുന്നത്. പരമാവധി 60,000 രൂപ വരെ ഒരുവര്‍ഷം സംരംഭത്തിന് അനുവദിക്കുന്നു. സംരംഭങ്ങളുടെ സുരക്ഷക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതിന് ധനസഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ജില്ലയില്‍ 271 സംരംഭകര്‍ക്ക് ആനുകൂല്യം നല്‍കി. സംസ്ഥാന തലത്തില്‍ തന്നെ മികച്ച നേട്ടമാണ് ജില്ലയ്ക്ക് കൈവരിക്കാനായത്.  
10 ലക്ഷം വരെ പദ്ധതി തുകയുളള നാനോ സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ 20 സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കി.സബ്‌സിഡിയായി    ഈ കാലയളവില്‍ 52ലക്ഷം രൂപ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ പദ്ധതി പ്രകാരം കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
100 കോടി രൂപ വിറ്റു വരവിലേക്ക് എത്തുന്നതിനു സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് വിപുലീകരണത്തിന് വഴിയൊരുക്കുന്ന മീഷന്‍ 1000 പദ്ധതിയിലും ജില്ല മികച്ച പ്രകടനമാണ് നേടിയത്. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും അധികം സംരംഭകര്‍ പദ്ധതിയില്‍ അംഗീകാരം നേടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 35 പദ്ധതികള്‍ അംഗീകാരം നേടുകയും 10 സംരംഭങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. 35 എണ്ണം അംഗീകാരം നേടിയതില്‍ 15 സംരംഭങ്ങള്‍ വിപുലീകരണത്തിനുള്ള പദ്ധതി രേഖ തയ്യാറാക്കി നല്‍കി. പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള ചെലവിനത്തില്‍ ഒരു ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തായാക്കിയ ഉല്‍പാദന സേവന സംരംഭങ്ങള്‍ക്ക് വിപുലീകരണത്തിന് സ്ഥിരാസ്തികള്‍ സമാഹരിക്കുവാന്‍ രണ്ട് കോടി രൂപ വരെയും പ്രവര്‍ത്തന മൂലധനത്തിന്റെ വായ്പയ്ക്ക് പലിശ സബ്സിഡി 50 ലക്ഷം രൂപ വരെയും ഗ്രാന്റ് ലഭിക്കുന്നുണ്ട്.
സംരംഭങ്ങളുടെ വിപുലീകരണത്തിന് ലോകബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന റാമ്പ് പദ്ധതി പ്രകാരം ജില്ലയില്‍ ആറ് താലൂക്കുകളിലും ബാങ്കുകളെ പങ്കെടുപ്പിച്ച് മാര്‍ച്ച് മാസത്തില്‍ ബാങ്കേഴ്‌സ് മീറ്റുകള്‍ നടത്തി. 26 കോടിയോളം രൂപയുടെ വായ്പാ അനുമതിയാണ് ഇത്തരം മീറ്റുകള്‍ വഴി വിവിധ ബാങ്കുകള്‍ അനുവദിച്ച്  നല്‍കിയത്. ബ്രാന്റിംഗ്, മാര്‍ക്കറ്റിംഗ്, ട്രേഡ് മാര്‍ക്ക് എന്നീ വിഷയത്തില്‍ സംരംഭകര്‍ക്ക് സാങ്കേതിക പരിശീലനവും റാമ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
 

date