Skip to main content

കണ്ണൂർ മണ്ഡലം സമ്പൂർണ വായനശാലാ പ്രഖ്യാപനം 17 ന്*

കണ്ണൂർ നിയമസഭാ മണ്ഡലത്തെ സമ്പൂർണ വായനശാലാ മണ്ഡലമായി ഏപ്രിൽ 17 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിക്കും. എല്ലാ വാർഡിലും വായനശാലകളുള്ള രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂരിനെ മാറ്റാൻ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌ സംഘടിപ്പിക്കുന്ന 

തീവ്രയജ്ഞ പരിപാടി 'വിഷുക്കണി'യുടെ ഭാഗമായാണ് പ്രഖ്യാപനം. കണ്ണൂർ ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. അന്നേ ദിവസം രാവിലെ 10 മുതൽ ജില്ലാതല കാവ്യാലാപന മത്സരവും ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.

പരിപാടിയുടെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും സ്‌കൂൾ ലൈബ്രറികൾക്കും വായനശാലകൾക്കുമുള്ള പുസ്ത‌ക വിതരണം, പീപ്പിൾസ് അവാർഡ് പ്രഖ്യാപനവും വിതരണവും, പഞ്ചായത്ത് ഭാരവാഹികൾക്ക് ഉപഹാര സമർപണം, വായനശാലകൾക്കുള്ള പീപ്പിൾസ് മിഷന്റെ പുസ്തക വിതരണം, എസ് പി സി കേഡറ്റ്സുകൾക്കുള്ള ഉപഹാര വിതരണം എന്നിവയും നടക്കും. 

കണ്ണൂർ മണ്ഡലത്തിലെ 60 തദ്ദേശ വാർഡുകളിലായി 65 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 81 തദ്ദേശ സ്ഥാപനങ്ങളിൽ 42 തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ സമ്പൂർണ്ണ വായനശാലാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

എം എൽ എ ഓഫീസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. വി. ശിവദാസൻ എം പി, എൻ ടി സുധീന്ദ്രൻ, ഇ പി ആർ വേശാല, എം ഉണ്ണികൃഷ്‌ണൻ, എം ബാലൻ, കെ പ്രകാശൻ എന്നിവർ സംസാരിച്ചു. ഡോ വി ശിവദാസൻ എം പി മുഖ്യ രക്ഷാധികാരിയായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർമാനായും എൻ ടി സുധീന്ദ്രൻ കൺവീനറുമായ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു.

date