വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കുറയ്ക്കാൻ സൂംബയ്ക്ക് കഴിയും: മന്ത്രി വി.ശിവൻകുട്ടി
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും സൂംബ പോലുള്ള കലാകായികയിനങ്ങൾക്ക് കഴിയുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കാൻ പോകുന്ന കായിക പരിശീലനത്തെയും വ്യായാമമുറകളെയും സംബന്ധിച്ച് ശിക്ഷക് സദനിൽ നടന്ന ആലോചനായോഗത്തിലായിരുന്നു മന്ത്രി പ്രതികരിച്ചത്.
ഇതിന്റെ ഭാഗമായി ഏപ്രിൽ 30ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന മെഗാ സൂംബ ഡിസ്പ്ലേ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 സ്കൂളുകളിൽ നിന്നുള്ള 1500 ഓളം വിദ്യാർത്ഥികളെയാണ് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. പഠനമാണ് ലഹരി, നോ ടു ഡ്രഗ്സ് എന്നതാണ് സന്ദേശം. ഏപ്രിൽ 24 മുതൽ എല്ലാ ദിവസവും ഒരു മണിക്കൂർ വീതം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്തിനെ തുടച്ചു മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മെഗാ സൂംബാ ഡിസ്പ്ലേയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് saynotodrugscampaign2025@gmail.com ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments