രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം
*ലോക കരൾ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം
ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ അന്തിമ ഘട്ടത്തിലാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമേ ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവർ ക്ലിനിക്കുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി Metabolic Dysfunction Associated Steatotic Liver Disease (MASLD) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിർണായക ഇടപെടൽ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുന്നു. കരളിന്റെ പ്രാധാന്യത്തെക്കുറിച്ചും കരൾ രോഗങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 'ഭക്ഷണം മരുന്നാണ്' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരൾ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും എന്ന് ഈ ആശയം ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ തെറ്റായ ശീലങ്ങൾ, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ കരൾ രോഗങ്ങൾ വർധിച്ചു വരുന്നതായി കാണുന്നു. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ കാൻസർ തുടങ്ങിയ ഗുരുതരമായ കരൾ രോഗങ്ങൾ സാധാരണമായി കാണപ്പെടുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എന്നിവ ധാരാളമായി കഴിക്കുക. കൊഴുപ്പ് കൂടിയതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, പതിവായ വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ കരളിന്റെ പ്രവർത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. അതിനായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ഏറെ സഹായിക്കും. രക്ത പരിശോധനാ ലാബുകൾ, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവർ കാണപ്പെടുന്നത്. ഫാറ്റി ലിവർ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതിനാൽ രോഗം മൂർച്ഛിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. ഇത് കൂടാതെ ഒരു അൾട്രാ സൗണ്ട് സ്‌കാനിംഗ് കൂടി നടത്തിയാൽ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാൻ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാൻ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും.
അതുപോലെ മറ്റൊരു ഗുരുതര അവസ്ഥയാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും ഹെപ്പറ്ററ്റിസ് ബിയും സിയും. ഹെപ്പറ്റൈറ്റിസ് സി പൂർണ്ണമായും 3 മാസം കൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. വളരെയധികം ചെലവുള്ള ഈ ചികിത്സയും ഈ ക്ലിനിക്കുകൾ വഴി സൗജന്യമായി ലഭ്യമാണ്.
പി.എൻ.എക്സ് 1657/2025
- Log in to post comments