Skip to main content

സര്‍ക്കാര്‍ വാര്‍ഷികം; യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖമുഖം മെയ് മൂന്നിന്

എല്ലാ ജില്ലകളില്‍ നിന്നുമായി 2000 പേര്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ 'യുവജനങ്ങളുമായുള്ള മുഖാമുഖം' പരിപാടി മെയ് മൂന്നിന്  രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. സംഘാടനവുമായി ബന്ധപ്പെട്ട്  ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 2000ത്തിലേറെ യുവജന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.  

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് പരിപാടികളുടെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചു. പരിപാടിയുടെ വേദി സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍, പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത, താമസ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടിയുടെ സംഘാടനം നിര്‍വഹിക്കുക.

പരിപാടിയുടെ മികച്ച സംഘാടനത്തിനായി സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജു, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും.

യോഗത്തില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. സച്ചിന്‍ ദേവ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, എഡിഎം  മുഹമ്മദ് റഫീക്ക്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, കോര്‍പ്പറേഷന്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍ എസ് കെ സജീഷ്, യുവജന കമ്മീഷന്‍ മെമ്പര്‍ പി സി ഷൈജു, കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. എല്‍ ജി ലിജീഷ്, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ദിപു പ്രേംനാഥ്, ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേംനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date