Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള 2025; മെയ് നാല് മുതല്‍ 10 വരെ

വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും.

രണ്ടാം പിണറായി വിജയന്‍ മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ പത്ത് വരെ എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.  പാലക്കാട് മുന്‍സിപ്പല്‍ ബസ്സ്റ്റാന്റിന് സമീപമുളള മൈതാനത്താണ് മേള നടക്കുക.  മെയ് നാലിന് വൈകീട്ട് അഞ്ചിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് മേള ഉദ്ഘാടനം ചെയ്യുക. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിങും , പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റ ചന്ത, ഫിഷ് സ്പാ, എ.ഐ പ്രദര്‍ശനവും ക്ലാസും  പാലക്കാടന്‍ രുചിവൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യകുതിര സവാരി, ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റ് തിരുത്താനുള്‍പ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, പൊതുജനങ്ങള്‍ക്ക് പാട്ട് പാടാന്‍ അവസരം നല്‍കുന്ന സിംഗിങ് പോയിന്റ, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരക്കാന്‍ കലാകാരനും മേളയിലുണ്ടാവും.  വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്‍പ് ലൈന്‍ സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും.
കലാസാസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗസല്‍ നിശ, നാടന്‍ കലകളുടെ അവതരണം, തോല്‍പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാര്‍കളി, വയലിന്‍ ഫ്യൂഷ്യന്‍, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യ നൃത്തങ്ങള്‍, കോമഡി ഷോ, നാടകം, ടാറനാ ബാന്‍ഡിന്റെ ഫ്യൂഷന്‍ സംഗീതം, സ്വരലയ ഓര്‍ക്കസ്ട്രയുടെ സ്വര രാഗ സുധ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, പൊറാട്ട് കള, മോഹിനിയാട്ടം കച്ചേരി തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.
വിവിധ വകുപ്പുകളുടെ തീം-സര്‍വീസ് സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ 250ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും. സമാപനം മെയ് 10-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മെയ് നാലിന് ഉദ്ഘാടന ദിവസം വൈകീട്ട് സ്റ്റേഡിയം ബൈപാസ് ജംങ്ഷനില്‍ നിന്ന് തുടങ്ങി മേള നഗരി വരെ ഘോഷയാത്രയുണ്ടാവും. കുതിര സവാരിയും ആയോധനകലയും ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫേസ് പെയിന്റിങ്ങും ഘോഷയാത്രയില്‍ അണിനിരക്കും.

 

date