കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സിലിങ് സ്റ്റാള്‍
എന്റെ കേരളം പ്രദര്‍ശന മേളയില്‍ വനിത ശിശു വികസന വകുപ്പിന്റെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിങ് സ്റ്റാള്‍
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സൗജന്യ കൗണ്‍സലിങ് സേവനം നല്കുന്ന സ്റ്റാള്‍ ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളും സാംസ്കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന മേളയില്‍, കുട്ടികളുടെയും യുവതലമുറയുടെയും മാനസിക ക്ഷേമത്തിന് ഊന്നല്‍ നല്കുന്ന രീതിയിലാണ് കൗണ്‍സലിങ്ങിനായി സ്റ്റാള്‍ ഒരുങ്ങുന്നത്.
വിദ്യാഭ്യാസ സമ്മര്‍ദ്ദം, കൗമാര പ്രശ്നങ്ങള്‍, മാനസിക ആരോഗ്യ വെല്ലുവിളികള്‍, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രൊഫഷണല്‍ കൗണ്‍സലിങ് സേവനങ്ങള്‍ നല്‍കുകയാണ് ഈ സ്റ്റാളിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ കൗണ്‍സിലര്‍മാര്‍
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി മാനസിക വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണവും നിര്‍ദേശങ്ങളും നല്‍കും. കുട്ടികള്‍ക്ക് അവരുടെ ചിന്തകളും പ്രശ്നങ്ങളും തുറന്നു പറയാനുള്ള ഒരു സുരക്ഷിത ഇടം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് പുറമേ, മാനസിക ആരോഗ്യ ബോധവത്കരണത്തിനായുള്ള പോസ്റ്ററുകള്‍, ലഘുലേഖകള്‍, ഇന്ററാക്ടീവ് സെഷനുകള്‍ എന്നിവയും ലഭ്യമാകും. രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുക.
- Log in to post comments