Skip to main content

ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും -മന്ത്രി കെ. രാജന്‍

കേരളത്തില്‍ അഞ്ച് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യം ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍. പട്ടയ വിതരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ലഭ്യമാകുന്ന മുറക്ക് അതിദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇതിനായി താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും ഇടപെടാനുള്ള പ്രത്യേക ടീം തയാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുഴ, പാറ, കടല്‍ പുറമ്പോക്ക്, വനഭൂമി, മിച്ചഭൂമി, കോളനി പട്ടയം എന്നിങ്ങനെ 175 പട്ടയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടന്നു. നിയമപ്രശ്‌നങ്ങളുള്ള പട്ടയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വേണ്ടതിനെ കുറിച്ചുള്ള വിവരശേഖരണവും മന്ത്രി നടത്തി.
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ അനിത കുമാരി, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date