Skip to main content

കാക്കനാട് കൊമേഴ്ഷ്യൽ കോംപ്ലക്സ് 2.O നിർമാണ പദ്ധതി ഉടൻ പൂർത്തിയാക്കും

ജിസിഡിഎയുടെ ഉടമസ്ഥതയിൽ കാക്കനാട് ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നിർമാണം ആരംഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി സംബന്ധിച്ച അവലോകനയോഗം ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. 50 ലേറെ വർഷം പഴക്കമുള്ള കടമുറി കെട്ടിടം പൊളിച്ചു മാറ്റിയാണ് കാക്കനാട് കൊമേഴ്ഷ്യൽ ഹബ്ബ്‌ 2.O എന്ന പേരിൽ പുതിയ കെട്ടിടം നിർമാണം ആരംഭിക്കാൻ ഒരുങ്ങുന്നത്. പുതിയ കെട്ടിട പദ്ധതിയുടെ രൂപരേഖ, പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ജിസിഡിഎ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, കൗൺസിലർ എ.എ ഇബ്രാഹിം കുട്ടി, വിവിധ പാർട്ടികളുടെ പ്രതിനിധികളായ അഡ്വ. ഉദയകുമാർ, സുഗതൻ, സന്തോഷ്‌, അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, കടമുറി അലോട്ടികൾ, ജിസിഡിഎ പ്ലാനിംഗ് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ പദ്ധതി സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പരമാവധി വേഗത്തിൽ നിർമാണം പൂർത്തീകരിക്കുക, പാർക്കിംഗ് സൗകര്യം കൂടുതൽ വിശാലമാക്കുക എന്നിങ്ങനെ ഉയർന്ന അഭിപ്രായങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ജിസിഡിഎ ചെയർമാൻ അറിയിച്ചു.

 

ബേസ്‌മെന്റ് ഉൾപ്പെടെ 5 നിലകളിലായി 18000 സ്‌ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന കെട്ടിടമാണ് നിർമ്മിക്കുന്നത്. ബേസ്മെന്റ് ഫ്ലോർ പൂർണമായും പാർക്കിംഗ് ആയിരിക്കും. പ്രവേശനം, നിർഗമനം എന്നിങ്ങനെ പ്രത്യേകം വഴികളുണ്ടാകും. ഷോപ്പ്, ഓഫീസ് സ്പേസ്, മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളും ആവശ്യാനുസരണം ശുചിമുറികൾ, ലിഫ്റ്റ് സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും. കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതു വരെ പുനരധിവാസം ആവശ്യമുള്ള അലോട്ടികൾക്ക് താൽകാലികമായി സൗകര്യം സജ്ജീകരിക്കും. എത്രയും വേഗം നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ ജിസിഡിഎ സ്വീകരിച്ചുവരികയാണ്.

date