Skip to main content
കണ്ണൂർ സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണവും മലമ്പനി പരിശോധനയും മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ലോക മലമ്പനി ദിനാചാരണം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണം നടത്തി

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.  ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ.സി സച്ചിന്‍ അധ്യക്ഷനായി.  സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്  കെ വേണു മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി.കെ അനില്‍കുമാര്‍ ദിനചാരണ സന്ദേശം നല്‍കി. 'മലമ്പനി നിവാരണം യാഥാര്‍ഥ്യമാക്കാം പുനര്‍നിക്ഷേപിക്കാം പുനര്‍ വിചിന്തനം നടത്താം പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിന സന്ദേശം. പരിപാടിയോടനുബന്ധിച്ച് ജയില്‍ അന്തേവാസികള്‍ക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പി റിജേഷ് മലേറിയ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി. തുടര്‍ന്ന് അന്തേവാസികളില്‍ മലേറിയ പരിശോധനയും നടത്തി. 2027 അവസാനത്തോടെ കണ്ണൂര്‍ ജില്ലയെ മലമ്പനി നിവാരണ ജില്ലയായി പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ജില്ലയില്‍ ഈ വര്‍ഷം 16 മലേറിയ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പത്ത് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയിലും ആറു കേസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തിയ മലയാളികളിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2024- 25 വര്‍ഷം നാല് തദ്ദേശീയ മലമ്പനി കേസുകള്‍ ഉള്‍പ്പെടെ 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്്. ഈ വര്‍ഷം കേസുകള്‍ കൂടുതലും ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ നിന്നും വന്നവരിലാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് സര്‍വെ പ്രകാരം കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള നഗര മേഖലയിലും മലയോര പ്രദേശം ഉള്‍പ്പെടുന്ന മറ്റ് പഞ്ചായത്തുകളിലും മലമ്പനി രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം ജില്ലയിലെ മലേറിയ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുടെ മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 'മഴയെത്തും മുമ്പേ മാറ്റാം മാലിന്യം, കാക്കാം ആരോഗ്യം' എന്ന ജില്ലയില്‍ മഴക്കാല രോഗപ്രതിരോധ ക്യാമ്പയിനും നടന്നുവരുന്നുണ്ട്.

ജില്ലാ വി ബി ഡി കണ്‍ട്രോള്‍ ഓഫീസ് ഡോ. കെ കെ ഷിനി, ബയോളജിസ്റ്റ്  സി പി രമേശന്‍, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ഗിരീഷ് കുമാര്‍, സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ രാജേഷ്‌കുമാര്‍, സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷിക്ക് ചന്ദ്ര, ഡി.വി.സി യൂണിറ്റ് ബയോളജിസ്റ്റ് സി പി രമേശന്‍, ജയില്‍ ഓഫീസേഴ്സ് സംഘടനാ പ്രതിനിധികളായ കെ കെ ബൈജു, കെ അജിത്, ജയില്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലമ്പനി: രോഗനിര്‍ണയവും ചികിത്സയും

ആരംഭത്തിലെ തന്നെ രോഗബാധ തിരിച്ചറിഞ്ഞ് മലമ്പനി ചികിത്സ ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്. ചിലപ്പോള്‍ ഒന്നുരണ്ട് ദിവസങ്ങള്‍ കൊണ്ട് രോഗം ഗുരുതരമായേക്കാം. കേരളം പോലുള്ള മലമ്പനി രോഗബാധ വ്യാപകമായിട്ടില്ലാത്ത സംസ്ഥാനത്ത് ആരംഭത്തില്‍ തന്നെ രോഗ ചികിത്സ നല്‍കുന്നത് രോഗം വ്യാപിക്കുന്നത് തടയാന്‍ വളരെ ആവശ്യമാണ്.

രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം വിറയലും പേശി വേദനയും തലവേദനയും ആണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വിറയലോടു കൂടി ആരംഭിച്ച് തുടര്‍ന്ന് ശക്തമായ പനിയും തുടര്‍ന്ന് വിയര്‍പ്പും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിക്ക് മാത്രം കണ്ടുവരുന്ന പ്രത്യേക ലക്ഷണമാണ്. ചിലപ്പോള്‍ മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം, ചുമ തൊലിപ്പുറമേയും കണ്ണിലും മഞ്ഞ നിറം ഉണ്ടായേക്കാം. ശക്തിയായ തണുപ്പും വിറയലും ശക്തിയായ പനിയും വിയര്‍പ്പും മാറിമാറി ഉണ്ടാകുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി പറയാറുണ്ടെങ്കിലും ഇത് പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മാത്രമേ ഇപ്പോള്‍ കണ്ടു വരാറുള്ളു. രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഒന്നുരണ്ട് ദിവസം മുന്‍പേ തലവേദനയും നല്ല ക്ഷീണവും കാണാറുണ്ട്. പ്ലാസ് മോഡിയം ഫാള്‍സി പാരം മൂലമുള്ള മലമ്പനി തലച്ചോറിനെ ബാധിച്ച് ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

മലമ്പനി രോഗ ചികിത്സ

മലമ്പനി രോഗം  ഭേദമാക്കാനും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും ആരംഭത്തില്‍ തന്നെ രോഗ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. സംശയം തോന്നുന്നവരുടെ രക്ത പരിശോധന 24 മണിക്കൂറിനകം പൂര്‍ത്തിയാക്കി മലമ്പനിക്കുള്ള ചികിത്സ കൊടുക്കേണ്ടതാണ്. മലമ്പനി രോഗ ചികിത്സയും മരുന്നുകളും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.

മലമ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ

മലമ്പനി നിയന്ത്രണത്തിന് കൊതുകുകളെ നശിപ്പിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.
*  വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും മറ്റും കൊതുക് കയറാത്ത രീതിയില്‍ ജനലുകളിലും വാതിലുകളിലും കൊതുകു വല അടച്ച് സുരക്ഷിതമാക്കുക. കൊതുകുകല ഉപയോഗിക്കുക.
*  കൊതുകിനെ അകറ്റി നിര്‍ത്തുന്നതിനുള്ള ലേപനങ്ങള്‍ ഉപയോഗിക്കുക.
*  കൊതുകുതിരികള്‍, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണികള്‍ തുടങ്ങിയവ ഉപയോഗിക്കുകയാണ് വിവിധ മാര്‍ഗങ്ങള്‍.
*  മുറികള്‍ക്ക് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക.
*  ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍ അടക്കം കൊതുക് കടി കുറയ്ക്കാന്‍  ആകുന്ന രീതിയില്‍ വസ്ത്രം ധരിക്കുക എന്നതും സുപ്രധാനമാണ്.
* കിണറുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവ കൊതുക കടക്കാത്ത വിധം വല ഉപയോഗിച്ച് സുരക്ഷിതമാക്കുക.
* ജലാശയങ്ങളില്‍ കൂത്താടി ഭോജികളായ ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തുക വഴി കൊതുകിന്റെ പ്രജനനം തടയുക

date