Skip to main content

അന്‍പോടെ തൃത്താല : മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ

 

തൃത്താല നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന  സമഗ്ര ആരോഗ്യ പദ്ധതിയായ അന്‍പോടെ തൃത്താലയുടെ ഭാഗമായി മെയ് 11 ന് വട്ടേനാട് ജി.വി.എച്ച് എസ്.എസില്‍ നടത്തുന്ന മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ. മന്ത്രി എം.ബി രാജേഷിന്റെ കൂറ്റനാടുള്ള ക്യാമ്പ് ഓഫീസ്, തൃത്താല നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലും മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയും രജിസ്ട്രേഷന്‍ ഫോം ലഭ്യമാവും. ഇതിനു പുറമെ ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.

 

രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ദ്ധന്‍ പത്മഭൂഷണ്‍ ഡോ.ജോസ് ചാക്കോ മുഖ്യാതിഥിയാകും.തൃത്താലയുടെ ചരിത്രത്തില്‍ ആദ്യമായാണ് മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 

സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ആയുര്‍വേദം ഹോമിയോ ഉള്‍പ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് കൂടിയാണിത്.

 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കാവശ്യമായ തുടര്‍ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈല്‍ ദന്തല്‍ ക്ലിനിക്ക് ഉള്‍പ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 

സാമ്പത്തികമായി വളരെയേറെ പിന്നോക്കം നില്‍ക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അര്‍ഹരായ വീടുകളില്‍ സന്ദര്‍ശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാല്‍ കഷ്ടത അനുവഭവിക്കുന്നവര്‍ക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്‍പോടെ തൃത്താല.

 

മെഗാ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംഘാടക സമിതി കോര്‍കമ്മിറ്റി യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന അധ്യക്ഷയായി. പി.വി രാമദാസ്, ഡോ. ഇ.സുഷമ, വി.കെ ചന്ദ്രന്‍, ടി പി കുഞ്ഞുണ്ണി, ടി പി മുഹമ്മദ് മാസ്റ്റര്‍, വി പി അഷറഫലി, ടി കെ വിജയന്‍, കെ എ ഷംസു, കെ പ്രസാദ്, ഡോ. പി കെ കൃഷ്ണദാസ്, ഷാനിബ ടീച്ചര്‍, സി പി റസാക്ക്, എം കെ പ്രദീപ്, ഷറഫുദ്ദീന്‍ കളത്തില്‍, ഡോ. സേതുമാധവന്‍, അഡ്വ. പി എ സുനില്‍ ഖാദര്‍, ഡോ. വിപിന്‍ കിഷോര്‍, എം കെ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

date