നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. മെഡിക്കൽ കോഴ്സുകളിലേക്ക് എൻആർഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
പ്രവാസി ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും പുതുക്കിയിട്ടുണ്ട്. പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതം). പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപ). 2025 ഏപ്രിൽ ഒന്നു മുതൽ ഐഡി കാർഡ്/ എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.
കാർഡുകൾ അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും sso.norkaroots.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9567555821, 0471-2770543.
പി.എൻ.എക്സ് 1782/2025
- Log in to post comments