Skip to main content
ഡ്രോൺ സംവിധാനത്തിൽ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്‌ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോൺസ്ട്രഷൻ

കൃഷിയിടത്തിലെ ഡ്രോൺ പ്രവർത്തനങ്ങളറിയാൻ സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്

ഇ-കൃഷി മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മനസിലാകുന്ന വിധം സ്റ്റാൾ സജ്ജീകരിച്ച് കൃഷി വകുപ്പ്.
ഡ്രോൺ സംവിധാനത്തിൽ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്‌ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോൺസ്ട്രഷനും ഒരുക്കിയിട്ടുണ്ട്.

കൃഷി വകുപ്പിന്റെ തീം സ്റ്റാളിൽ കേരള ഗ്രോ ഉൽപ്പന്നങ്ങളുടെയും  മില്ലറ്റ് ഉൽപ്പന്നങ്ങളുടെയും പ്രദർശനം കാണാനും അറിയാനും എത്തുന്നവർ ഏറെ. വിവിധ ഉൽപ്പന്നങ്ങളുടെ കൃഷിയും കൃഷി രീതിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും തുടങ്ങി  എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തവും ലളിതവുമായ രീതിയിൽ വിശദീകരിച്ചു കൊടുക്കുന്നതിന് കൃഷി ഉദ്യോഗസ്ഥന്മാരുടെ ഒരു നിരയും സ്റ്റാളിൽ സജ്ജമായിട്ടുണ്ട്.
രോഗകീടങ്ങളെ കുറിച്ചുള്ള പ്രദർശനവും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും വയനാടിന്റെ തനതായ കൃഷി രീതി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയും വയനാട്ടിലെ കർഷകരുടെ വിജയഗാഥകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള  ഇൻഫർമേഷൻ കിയോസ്കും ഒരുക്കിയിട്ടുണ്ട്.

കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്കുകൾ,  വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിലുണ്ട്

കൃഷിവകുപ്പ്- ആത്മയുടെ നേതൃത്വത്തിൽ വിവിധ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും ഒരുക്കിയ പ്രദർശന സ്റ്റാളുകൾ ആണ് മേളയിലെ മറ്റൊരു ആകർഷണം. ചക്ക, മാങ്ങ, പാഷൻഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയും രുചിയുമുള്ള വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഗ്രീൻ ടീ, കാർഡമം ടീ, ജിഞ്ചർ ടീ തുടങ്ങിയ വിവിധ തേയില ഉൽപ്പന്നങ്ങളും സുഗന്ധദ്രവ്യങ്ങൾ ചേർത്ത കാപ്പി ഉൽപ്പന്നങ്ങളും തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉണ്ട്.

ഇതിന് പുറമെ 1500 ചതുരശ്ര അടിയിൽ  ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും സജീവമാണ്.  ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും വാങ്ങാനുള്ള സൗകര്യം മേളയിലുണ്ട്.

 
date