50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറും - മന്ത്രി കെ. രാജൻ
ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ് പദ്ധതി 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിലൂടെ 50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറുമെന്ന് റവന്യു മന്ത്രി കെ. രാജൻ. തൃശ്ശൂർ കോർപ്പറേഷൻ ലൈറ്റ് ഫോർ നൈറ്റ് ലൈഫ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. തൃശ്ശൂര്‍ നഗരം ഒരു മെട്രോപൊളിറ്റന്‍ സിറ്റിയായി മാറുകയാണ്. നഗരം ശുചിത്വത്തിനും സൗന്ദര്യവല്‍ക്കരണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്കി വിവിധ പദ്ധതികള്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വന്‍ മുന്നേറ്റം നടത്തി എന്നത് നമുക്ക് പകല്‍പോലെ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട തെരുവു വിളക്കുകള്‍ മാറ്റി കാലാനുസൃതമായ ആധുനികരീതിയിലുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവില്‍ തെരുവുവിളക്ക് പരിപാലനത്തിന് വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും മെയിന്റനന്‍സിനും വലിയ തുകയാണ് കോര്പ്പറേഷന് നല്‍കിവരുന്നത്. എന്നാല്‍ പല പ്രദേശങ്ങളിലും ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിക്കപ്പെടുകയാണ്. ഇതിനായി തൃശ്ശൂര്‍ കോര്പ്പറേഷന് ആര്‍ട്കോയുമായി സഹകരിച്ച് വൈദ്യുതി ചാര്‍ജ്ജ് മാത്രം നല്‍കിക്കൊണ്ട് 10 വര്‍ഷക്കാലയളവിലേയ്ക്ക് മെയിന്റനന്‍സ് ഉള്‍പ്പെടെ നല്കുന്ന കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോര്പ്പറേഷന് പരിധിയിലെ 55 ഡിവിഷനുകളിലും ഡിജിറ്റല്‍ സര്‍വ്വെ നടത്തി ആവശ്യമായ വെളിച്ചം തെരുവുവിളക്കുകളില്‍ നിന്ന് ലഭിക്കാവുന്ന ആധുനിക രീതിയിലുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ ഇതിന്റെ ഭാഗമായി ആര്‍ട്കോ സ്ഥാപിക്കും. ഈ പദ്ധതി 6 മാസംകൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ 50,000 എല്‍.ഇ.ഡി. ലൈറ്റുകളും ഹൈമാമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുംകൊണ്ട് പ്രകാശപൂരിതമാകുമ്പോള്‍ നഗരം ലൈറ്റ് ഫോര്‍ നൈറ്റിലേയ്ക്ക് മാറും. 2 മാസത്തിനകം സർവ്വേ പൂർത്തീകരിച്ച് 4 മാസത്തികം 50,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് നഗരം പ്രകാശപൂരിതമാകുമെന്ന് ആര്‍ട്കോ ചെയർമാൻ വി.സ് അനൂപ് പറഞ്ഞു.
തൃശ്ശൂർ കോര്പ്പറേഷന് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങിൽ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.ൽ റോസി കരാർ കൈമാറ്റം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ ഷാജൻ, സാറാമ്മ റോപ്സൺ, കരോളിൻ ജെറീഷ് പെരിഞ്ചേരി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, രാഹുൽനാഥ്, ആര്‍ട്കോ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments