Skip to main content

നബിദിനാഘോഷം പരിസ്ഥിതി സൗഹൃദമായി നടത്താന്‍ തീരുമാനം

                                                                                                                                                                                                                                                         
 

 

നബിദിനാഘോഷം ജില്ലയില്‍ പരിസ്ഥിതി സൗഹൃദമായി നടത്താന്‍ വിവിധ മതസംഘടനാ മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ജില്ലാ കലക്ടര്‍ യു.വി ജോസ് കലക്ടറേറ്റില്‍ മതനേതാക്കളുടെ ആലോചനാ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ആഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്നതിനുളള ഹരിത കേരള മിഷന്റെ അഭ്യര്‍ത്ഥന അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു. 
ജമാ-അത്ത് കമ്മറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് റാലികള്‍, പൊതു സമ്മേളനങ്ങള്‍ കലാപരിപാടികള്‍, ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ നടത്തുന്ന പരിപാടികളില്‍ ആഹാരപാനീയവിതരണത്തിന് നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഉപയോഗ ശേഷം അവ ഗുരുതര ആരോഗ്യ-പാരിസ്ഥിതിക - മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ കത്തിക്കുകയോ വലിച്ചെറിയപ്പെടുകയോയാണ് ചെയ്തു വരുന്നത്. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളിലും ഗ്ലാസ്സുകളിലും ആഹാരപാനീയങ്ങള്‍ വിതരണം നടത്തും. ഫ്‌ളക്‌സ് പൂര്‍ണ്ണമായി ഒഴിവാക്കും. തുണി ബാനറുകള്‍ ഉപയോഗിക്കും.
ആഹാരം പൊതിയുന്നതിന് പ്ലാസ്റ്റിക് പേപ്പറുകള്‍ ഒഴിവാക്കി വാഴയിലകള്‍ പോലെയുളള പ്രകൃതി സൗഹൃദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് മതനേതാക്കള്‍ ജമാ അത്ത് കമ്മിറ്റികള്‍ക്കും സംഘാടകര്‍ക്കും നല്‍കും.
യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.കബനി, ഉമര്‍ഫൈസി (സമസ്ത) നാസര്‍ ഫൈസി കൂടത്തായി, എ. അബൂബക്കര്‍ സഖാഫി (എസ്.വൈ.എസ്), ഒ.പി അഷ്‌റഫ് (എസ്.കെ.എസ്.എസ്.എഫ്), അബ്ദുള്‍ നാസര്‍ സഖാഫി (സമസ്ത) ഗസല്‍റിയാസ് (എസ്.എസ്.എഫ്), യൂസഫ് നൂറാനി (മര്‍കസ്) എന്നിവര്‍ പങ്കെടുത്തു.
 

date