വികസനത്തിന്റെ മെല്ലെപ്പോക്കിന് മാറ്റം വന്നു: പി നന്ദകുമാർ എം.എൽഎ
സംസ്ഥാനത്തെ വികസനത്തിന് മെല്ലെപ്പോക്കിന് വൻ മാറ്റം വന്നുവെന്നും ഇപ്പോൾ വേഗത്തിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നതെന്നും പി നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മേഖല തിരിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഈ യോഗത്തിൽ പദ്ധതികൾ നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയോട് നേരിട്ട് ബോധിപ്പിക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്നു. ഈ പരിപാടിയിലൂടെ സംസ്ഥാനത്തെ പല വികസനപദ്ധതികളും വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. രാജ്യത്തിന് മാതൃകയായ പല വൻകിട പദ്ധതികൾ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വൻകിട പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതികളുണ്ട്. എല്ലാ മേഖലയിലും വളരാൻ ജില്ലക്ക് കഴിയണം. അതിനായി ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും സഹായസഹകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Log in to post comments