ഷഹബാസിലലിഞ്ഞ് മലപ്പുറം
ജനഹൃദയങ്ങളില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ഷഹബാസ് അമന്‍ പാടി. എന്റെ കേരളം പ്രദര്‍ശന വിപണന വേളയിലെ ആദ്യ ദിനത്തിലെ സാംസ്‌കാരിക പരിപാടിയായ ' ഷഹബാസ് പാടുന്നു' ഗസല്‍ വിരുന്ന് ആസ്വദിക്കാന്‍ വിവിധയിടങ്ങളില്‍ നിന്ന് ആയിരങ്ങളാണ് കോട്ടക്കുന്നില്‍ ഒഴുകിയെത്തിയത്. കളിച്ച് വളര്‍ന്ന കോട്ടക്കുന്നിലെ ഓര്‍മകള്‍ പറഞ്ഞാണ് സംഗീത വിരുന്ന് തുടങ്ങിയത്. ഗസലിന്റെ മാന്ത്രികതയും മലപ്പുറത്തിന്റെ മൊഞ്ചും ഒന്നുചേരുന്ന ഷഹബാസിന്റെ ആലാപന വൈഭവം മലപ്പുറം നെഞ്ചേറ്റി. നിറഞ്ഞ സദസ്സിനെ ഷഹബാസിന്റെ പാട്ടും പറച്ചിലും പുളകം കൊള്ളിച്ചു. പ്രണയമായും വിരഹമായും ഹൃദയത്തിന്റെ ആഴങ്ങളില്‍ മലയാളികള്‍ കോര്‍ത്തിട്ട മെലഡികളും ഗസലുകളും ഷഹബാസ് അമന്‍ അവതരിപ്പിച്ചു. പാട്ടുകാരനൊപ്പം ചേര്‍ന്ന് കാണികളും ചേര്‍ന്നു പാടി. ബാബുരാജിന്റെ സംഗീതത്തില്‍ തലമുറകള്‍ പാടി നടന്ന വിരഹത്തിന്റെയും ഏകാന്തതയുടേയും സ്പന്ദനമുള്ള ഗാനത്തിന്റെ പുതിയ പതിപ്പ് പാടിയപ്പോള്‍ നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തില്‍ തണുത്തു വിരിഞ്ഞ രാവ് പടരുന്നത് വരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. ഓരോ ഗാനങ്ങളെയും ഹൃദയത്തിലേക്ക് ചേര്‍ത്തു വെച്ചാണ് കാണികള്‍ മടങ്ങിയത്.
- Log in to post comments